ഇന്ന് അവര്‍ ലെനിന്റെ പ്രതിമ തകര്‍ക്കുന്നു; നാളെ ഗാന്ധിജിയോടും ഇത് ചെയ്യും - മമതാ ബാനര്‍ജി

By Web DeskFirst Published Mar 6, 2018, 11:35 PM IST
Highlights

സി.പി.എം നമ്മുടെ എതിരാളികളാണ്. ലെനിന്‍ എന്റെ നേതാവുമല്ല. എന്നാല്‍ അതുകൊണ്ട് ലെനിന്റെയോ മാര്‍ക്സിന്റെയോ പ്രതിമകള്‍ തകര്‍ക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

കൊല്‍ക്കത്ത: ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലെനിന്റെ  പ്രതിമ തകര്‍ത്ത സംഭവം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയും മമത രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചു.

സി.പി.എം നമ്മുടെ എതിരാളികളാണ്. ലെനിന്‍ എന്റെ നേതാവുമല്ല. എന്നാല്‍ അതുകൊണ്ട് ലെനിന്റെയോ മാര്‍ക്സിന്റെയോ പ്രതിമകള്‍ തകര്‍ക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അവരെ നിരവധി ആളുകള്‍ സ്നേഹിക്കുന്നുണ്ട്. ബി.ജെ.പി എന്താണ് ചെയ്യുന്നത്? ഇന്ന് അവര്‍ ലെനിന്റെ പ്രതിമ തകര്‍ക്കുന്നു. നാളെ ഗാന്ധിജിയോടും സുഭാഷ് ചന്ദ്രബോസിനോടും രവീന്ദ്രനാഥ ടാഗോറിനോടും സ്വാമി വിവേകാനന്ദനോടുമൊക്കെ ഇതുതന്നെ ചെയ്യും.  ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഇത് ഞാന്‍ അംഗീകരിക്കില്ല. ഇത്തരം നടപടികള്‍ക്കെതിരെ അതിശക്തമായിഞാന്‍ പ്രതിഷേധിക്കും-മമത പറഞ്ഞു. ബിജെപിയുടെ അടുത്ത ലക്ഷം ബംഗാളാണെന്ന് ഒരു മുതിര്‍ന്ന നേതാവ് പറയുന്നത് കേട്ടു. അവരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്റെ അടുത്ത ലക്ഷ്യം ദില്ലിയാണ്- മമത തുടര്‍ന്നു. 

ത്രിപുരയില്‍ ജനാധിപത്യ അധികാരമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അല്ലാതെ എതിരാളികളുടെ പ്രതിമകള്‍ തകര്‍ക്കാനുള്ള അധികാരമല്ലെന്നും ബങ്കുറയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെ മമതാ ബാനര്‍ജി പറഞ്ഞു.

click me!