ശബരിമല സംഘർഷങ്ങളിൽ സംസ്ഥാനത്താകെ 1,407 പേർ അറസ്റ്റില്‍

Published : Oct 25, 2018, 03:56 PM IST
ശബരിമല സംഘർഷങ്ങളിൽ സംസ്ഥാനത്താകെ 1,407 പേർ അറസ്റ്റില്‍

Synopsis

ഇതുവരെ 258 കേസുകൾ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന സംഘർഷങ്ങളിൽ സംസ്ഥാനത്താകെ ഇതുവരെ 1,407 പേർ അറസ്റ്റിലായി. ഇതുവരെ 258 കേസുകൾ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാന്‍ഡ് ചെയ്തവരുടെ സ്ഥിതിവിവരക്കണക്കുകൾ പൊലീസ് ഉടൻ പുറത്തുവിടും.

ശബരിമലയിൽ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരിൽ പലരും അറസ്റ്റിലായി. ഈ പട്ടികയിൽ ഉൾപ്പെട്ടവരും അല്ലാത്തവരുമായ 157 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാർ, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരിൽ ഏറെയും.  പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതൽ പേർ ഇന്നു തന്നെ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. ഇതിനിടെ പൊലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ പൊലീസുകാരനും ഉള്‍പ്പെട്ടത് വിവാദമായി.

പട്ടികയിലെ 167-ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ഈ ചിത്രം നീക്കി. ശബരിമലയില്‍ അക്രമം നടക്കുമ്പോള്‍ സിവില്‍ ഡ്രസില്‍ പൊലീസിനെ വിന്യസിച്ചിരുന്നുവെന്നും വീഡിയോയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് ശബരിമലയില്‍ കുഴപ്പങ്ങൾക്ക് തുടക്കമിട്ടതെന്നും ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്നും ബിജെപി നേതാവ് എം.ടി. രമേശ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. അതേസമയം അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞവരുടെ അറസ്റ്റ് തുടരുകയാണ്. കൂടുതൽ അക്രമികളുടെ ചിത്രങ്ങൾ ഇന്ന് പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം