'ഗുജറാത്ത് മോഡല്‍' ആലപ്പുഴയില്‍

By Web DeskFirst Published Nov 7, 2017, 2:58 PM IST
Highlights

ആലപ്പുഴ: പ്രധാനമന്ത്രിയുടെ ഗുജറാത്ത് ആലപ്പുഴയിലെത്തുന്നു. കേട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ. സംഗതി കാര്യമാണ്. ഗുജറാത്ത് അതിന്റെ മുഴുവന്‍ പൗരാണിക പ്രൗഢിയോടെയാണ് ആലപ്പുഴയിലൊരുങ്ങുന്നത്. ആലപ്പുഴയുടെ വാണിജ്യ-വ്യവസായ രംഗങ്ങളുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന ഗുജറാത്തി സമൂഹത്തിന്റെ പൈതൃക സംരക്ഷണം ലക്ഷ്യമിട്ട് ധനമന്ത്രി തോമസ് ഐസകിന്റെ നേതൃത്വത്തിൽ 'ഗുജറാത്തി പൈതൃക പദ്ധതി" നടപ്പാക്കുന്നത്. കായല്‍ വിനോദ സഞ്ചാരത്തിനായി ആലപ്പുഴയിലെത്തുന്ന സഞ്ചാരികള്‍ക്ക് നടന്ന് കാണാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി ഒരുങ്ങുന്നത്. 50 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 500 കോടി ചെലവില്‍ മൂന്നുഘട്ടങ്ങളായി നടപ്പിലാക്കുന്ന ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഗുജറാത്തി പൈതൃക പദ്ധതി നടപ്പാക്കുന്നത്. 

 

  • പഴയകെട്ടിങ്ങൾ സർക്കാർ ചെലവിൽ പുനരുദ്ധരിക്കും

ഗുജറാത്തി സമൂഹവുമായി ബന്ധപ്പെട്ട പഴയ കെട്ടിടങ്ങൾ ഉടമസ്ഥരുടെ അനുവാദത്തോടെ സർക്കാർ ചെലവിൽ നവീകരിച്ച് സംരക്ഷിക്കും.  കച്ചി ജമാഅത്ത് പള്ളി, പഴയ ഒഴിഞ്ഞ വീടുകൾ, ക്ഷേത്രങ്ങൾ ഉൾപ്പെടെ 25 ഓളം കെട്ടിടങ്ങൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.  വിനോദസഞ്ചാരികൾക്ക് ഇവ സന്ദർശിക്കാനും സാധിക്കും. പ്രശസ്തനായ ആർക്കിടെക്സ് കൺസർവേറ്റർ ബെന്നി കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് കെട്ടിടങ്ങൾ പഴമ നിലനിറുത്തി പുതുക്കി പണിയുക. ഗുജറാത്തിൽ നിന്നുള്ള കൾച്ചറൽ പ്രവർത്തകരുടെ സഹകരണവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കും. ആലപ്പുഴയിലെ കനാല്‍ തീരങ്ങളിലെ പൈതൃക കെട്ടിടങ്ങളുടെ നവീകരണവും ഇതിന്റെ ഭാഗമായി നടത്തും.

 

  • ഗുജറാത്തി തെരുവിൽ ഗാന്ധി മ്യൂസിയം

പദ്ധതിയുടെ ഭാഗമായി രണ്ട് മ്യൂസിയങ്ങളാണ് ആലപ്പുഴയിലൊരുങ്ങുക. നൂറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴയിലേക്ക് കുടിയേറി വിവിധ കച്ചവടങ്ങൾ നടത്തിയ ഗുജറാത്തി സമൂഹത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന മ്യൂസിയവും ഒപ്പം ഡൽഹി പ്രവാസി കേന്ദ്രത്തിലെ മഹാത്മാഗാന്ധി മ്യൂസിയത്തിന്റെ മാതൃകയിൽ ഗാന്ധി മ്യൂസിയവും ആലപ്പുഴയില്‍ ഒരുക്കും

  • ഗുജറാത്തി തെരുവിലൂടെയൊരു 'ഓർമ്മ നടത്തം"

ആലപ്പുഴയിൽ ജീവിച്ച്, ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന ഗുജറാത്തി കുടുംബങ്ങളിലെ അംഗങ്ങളെ ബന്ധപ്പെട്ട് അവരുടെ ആലപ്പുഴ ഓർമ്മകൾ ശേഖരിച്ച് അവതരിപ്പിക്കുന്നതാണ് 'മെമ്മറി വാക്ക് ലൈൻ "പദ്ധതി.  മ്യൂറൽ രൂപങ്ങൾ, കവിതകൾ, ശിൽപ്പങ്ങൾ, ദൃശ്യങ്ങൾ എന്നിങ്ങനെ പലരൂപത്തിൽ ഓർമ്മകൾ ഗുജറാത്തി തെരുവിൽ പുനർജ്ജനിക്കും. 

click me!