മരണം മുന്നില്‍ കണ്ട മണിക്കൂറുകള്‍: നാടകീയതയ്ക്കൊടുവില്‍ വീണ്ടും ജീവിതത്തിലേക്ക്

Published : Aug 10, 2018, 08:20 PM ISTUpdated : Aug 10, 2018, 08:24 PM IST
മരണം മുന്നില്‍ കണ്ട മണിക്കൂറുകള്‍: നാടകീയതയ്ക്കൊടുവില്‍ വീണ്ടും ജീവിതത്തിലേക്ക്

Synopsis

അതീവ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലംജൂഡി റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു അധിക്യതര്‍ നല്‍കിയ നോട്ടീസ് റിസോര്‍ട്ടുമകള്‍ കൈപ്പറ്റുന്നതിന് തയ്യറായില്ല

ഇടുക്കി: വിദേശികളായ 22 പേരടക്കം 59 പേര്‍... മരണം മുന്നില്‍ കണ്ട മണിക്കൂറുകള്‍... അവസാനം ജീവിതത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ വലിച്ച് കയറ്റിയപ്പോള്‍ ഭയം നിറഞ്ഞ കണ്ണുകളില്‍ ആശ്വാസത്തിന്‍റെ പൊന്‍കിരണം. മൂന്നാർ പളളിവാസൽ പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത് അമ്പത്തിരണ്ട് മണിക്കൂറിന് ശേഷമാണ്. ബുധനാഴ്ച രാവിലെയാണ് പ്ലംജൂഡി റിസോര്‍ട്ടിന് സമീപത്തെ അതീവ സുരക്ഷാമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്.

എന്നാല്‍, സംഭവം പുറത്തറിഞ്ഞത് വ്യാഴാഴ്ച ഉച്ചയോടെ മാത്രം.  കെട്ടിടത്തിന് സമീപത്ത് മണ്ണിടഞ്ഞത് ജീവനക്കാര്‍ അധികൃതരെ അറിയിക്കാതെ മറച്ച് വെയ്ക്കുകയായിരുന്നു.  വ്യാഴാഴ്ച രാവിലെ സന്ദര്‍ശകരില്‍ ഒരാള്‍ ടൗണില്‍ പോകുന്നതിനായി കെട്ടിടത്തിന് സമീപത്തെത്തിയപ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായ കാര്യം അറിയുന്നത്. തുടര്‍ന്ന് സംഭവം ജീവനക്കാരെ അറിയിച്ചെങ്കിലും ഇവര്‍ പ്രതികരിക്കാന്‍ തയ്യറായിരുന്നില്ല.

ഇതിനിടയില്‍ മണ്ണ് മാറ്റുന്നതിന് ചില ജോലിക്കാരെ നിയമിച്ചതായും വൈകുന്നേരത്തോടെ പുറത്തുപോകാന്‍ കഴിയുമെന്നും ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, പാറയടക്കമുള്ളവ റോഡില്‍ പതിച്ചതോടെ  പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. ഇതോടെ മുറികളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി സഞ്ചാരികള്‍. രാത്രിയോടെ വിദേശികളില്‍ ഒരാള്‍ എംബസിയെ ഫോണില്‍ വിവരമറിയിച്ചോടെയാണ് സംഭവം പുറംലോകമറിയുന്നത്.  

വെള്ളിയാഴ്ച രാവിലെയോടെ ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാറിന്‍റെ നേത്യത്വത്തില്‍ റിസോര്‍ട്ടിലെത്തിയ സംഘം സഞ്ചാരികളുമായി ചര്‍ച്ചകള്‍ നടത്തി. വൈകുന്നേരം ആറോടെ സഞ്ചാരികളെ പുറത്തെത്തികക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ഭാഗങ്ങളില്‍ പാറക്കല്ലുകളും പലകഷണങ്ങളും ഉപയോഗിച്ച് നടപ്പാതകള്‍ നിര്‍മ്മിച്ചും, റോപ്പുകള്‍ കെട്ടിയുമാണ് സന്ദര്‍ശകരെ പുറത്തെത്തിച്ചത്.

സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനം

രണ്ടു ദിവസങ്ങളായി റിസോര്‍ട്ടില്‍ നിന്നും പുറത്തേക്ക് പോലും ഇറങ്ങാനാവാത്ത അവസ്ഥയിലിരുന്ന സഞ്ചാരികള്‍. മണ്ണിടിഞ്ഞു വീണ ഭാഗത്ത് പലകകളും കല്ലുകളും പാകി റോപ്പ് കെട്ടിയാണ് സഞ്ചാരികളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്. 16 പേരടങ്ങുന്ന സൈന്യം ഇതിനായി മൂന്നാറില്‍ എത്തിയിരുന്നു. ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സൈന്യം എത്തിയത്. റിസോര്‍ട്ടിന് സമീപം കുത്തനെയുള്ള ചെരിവില്‍ നിന്നും കൂറ്റന്‍ പാറക്കെട്ടുകള്‍ അടര്‍ന്നു വീണിരുന്നു.

കൂടാതെ റിസോര്‍ട്ടിലേക്കുള്ള പാതയില്‍ മീറ്ററുകളോളം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. യുഎസ്എ, റഷ്യ, സൗദി അറേബ്യ, യുഎഇ, സിങ്കപ്പൂര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു വിദേശികള്‍. റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളും ഇതില്‍ ഉള്‍പ്പെടുന്നു.  റിസോര്‍ട്ടിന്‍റെ പ്രവേശന ഭാഗത്തിനു സമീപം കുന്നിന്‍ ചെരുവില്‍ നിന്നു മലയിടിഞ്ഞ് കൂറ്റന്‍ പാറകളും മണ്ണും നീക്കാന്‍  ദിവസങ്ങള്‍ വേണ്ടി വരുമെന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.  

വിവരം പുറത്തറിയിക്കുന്നതിന് റിസോര്‍ട്ട് അധികൃതര്‍ വൈകിച്ചത് വിനോദ സഞ്ചാരികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുടുങ്ങിയ വിനോദ സഞ്ചാരികളില്‍ ഒരാള്‍ കാമറയില്‍ സ്വയം പകര്‍ത്തി അയച്ച സംഭാഷണം മാധ്യമങ്ങളില്‍ എത്തിയതോടെയാണ് സഞ്ചാരികള്‍ കുടുങ്ങിയ വിവരം പുറം ലോകമറിഞ്ഞത്. സിംഗപൂര്‍ സ്വദേശിനിയായ യുവതി എംബസിയുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെ പ്രശ്നം വഷളാവുകയും ചെയ്തു.

അപകട സാധ്യത നിറഞ്ഞ റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തം നിര്‍ത്തി വയ്ക്കുവാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി.  പള്ളിവാസലിലെ അതീവ പരിസ്ഥിതി  ലോല പ്രദേശത്തും വൈദ്യുതി വകുപ്പിന്‍റെ ടണല്‍ നിര്‍മ്മാണം നടക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ നിലനില്‍ക്കുന്ന റിസോര്‍ട്ട് സമാനമായ അപകടം മൂലം മുമ്പ് രണ്ടു തവണ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

നോട്ടീസ് കൈപ്പറ്റാതെ റിസോര്‍ട്ട് ഉടമകള്‍

അതീവ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലംജൂഡി റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു അധിക്യതര്‍ നല്‍കിയ നോട്ടീസ് റിസോര്‍ട്ടുമകള്‍ കൈപ്പറ്റുന്നതിന് തയ്യറായില്ല. കെട്ടിടത്തില്‍ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നത് റവന്യു അധിക്യതരെ അറിയിക്കാത്തതിനും, വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാന്‍ സാധ്യതയുള്ളതുകൊണ്ടാണ് കെട്ടിടം പൂട്ടണമെന്ന് റവന്യു അധിക്യതര്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് കെട്ടിടയുടമയ്ക്ക് കത്ത് നല്‍കിയെങ്കിലും താത്കാലികമായി കെട്ടിടം പൂട്ടണമെന്ന് കത്തില്‍ എഴുതിചേര്‍ക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുകയായിരുന്നു. അരമണിക്കൂറോളം റവന്യു അധിക്യതരും റിസോര്‍ട്ട് ഉടമകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന് ശേഷം ജീവനക്കാരെ ഉപയോഗപ്പെടുത്തി കത്ത് കൈപ്പറ്റുകയായിരുന്നു. നേരത്തേ സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട റിസോര്‍ട്ടാണ് പ്ലംജുഡി. എന്നാല്‍, ഇവർ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി പ്രവര്‍ത്തിക്കുകയായിരുന്നു. മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബു, സി.ഐ സാംജോസ്, എസ്.ഐ പ്രതീപ്, തഹസില്‍ദ്ദാര്‍ പി.കെ. ഷാജി, പതിനാറ് പേരങ്ങുന്ന സൈന്യം, ഫയര്‍ ഫോഴ്‌സ്, ഡിറ്റിപിസി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു