ശബരിമല സന്നിധാനത്തെ ട്രാക്ടർ സമരം അവസാനിച്ചു

By Web DeskFirst Published Sep 16, 2016, 11:44 AM IST
Highlights

പത്തനംത്തിട്ട: ശബരിമല സന്നിധാനത്ത് നടന്നു വന്ന ട്രാക്ടർ സമരം അവസാനിച്ചു. ജില്ലകളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചർച്ചയിലാണ് സമരം അവസാനിച്ചത്. ജില്ലകളക്ടർ പത്തനംതിട്ട പോലിസ് ചിഫ് ജില്ലാലേബർ ഓഫീസർ റാന്നി എം എല്‍ എ എന്നിവർ ട്രാക്ടർ ഉടമകള്‍, തൊഴിലാളികള്‍ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അടുത്ത തീർത്ഥാടനകാലംവരെയുള്ള കയറ്റിറക്ക് നിരക്കില്‍ ധാരണയായത്.

കയറ്റിറക്ക് കൂലി ലോഡ് ഒന്നിന് 275 രൂപയായി പുതുക്കി നിശ്ചയിച്ചു. 2017ലെ തീർത്ഥാടന കാലം കഴിയുന്നതോടെ നിരക്ക് വർദ്ധിപ്പിക്കാനും ചർച്ചയില്‍ തീരുമാനമായി. 300രൂപയായിരിക്കും കയറ്റിറക്ക് കൂലി. കഴിഞ്ഞ രണ്ടഴ്ചയായി ട്രാക്ടറുകള്‍ ഓട്ടം നിർത്തിയതിനെത്തുടര്‍ന്ന് ദേവസ്വം മന്ത്രി ഉള്‍പ്പടെയുള്ളവർ ഇടപെട്ട് അടിയന്തിര മായി ചർച്ചകള്‍‍ നടത്തുകയായിരുന്നു.

നോക്ക് കൂലിയും ഉടർന്ന കയറ്റിറക്ക് കൂലിയും നല്‍കാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു ട്രക്ടർ ഉടമകള്‍. ഇതേത്തുടർന്ന് പണിമുടക്ക് കൂടിയായപ്പോള്‍ സന്നിധാനത്തെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർണമായും നിലച്ചു. ചർച്ചയില്‍ ധാരണയായതോടെ ട്രാക്ടറുകള്‍‍‍‍ ഓടിതുടങ്ങി. പൂജാ സാധനങ്ങള്‍ക്ക് കയറ്റിറക്ക് കൂലി നല്‍കണ്ട. സന്നിധാനത്തോ പമ്പയിലോ നോക്ക് കൂലി വാങ്ങരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശം നല്‍കിയിടുണ്ട്.

click me!