വിചാരണക്കോടതി വിധിയിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ട്. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പറയുന്നത് ശരിയല്ല. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ബാലിശമെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.
തിരുവനന്തപുരം: ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസിൽ കീഴ്ക്കോടതിയുടെ വിധി വിശദമായി പഠിച്ചിട്ടില്ലെന്നും ആദ്യവായനയിൽ തന്നെ പൊരുത്തക്കേടുകൾ ഉണ്ടെന്ന് മനസ്സിലായെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ബിജി ഹരീന്ദ്രനാഥ്. ഫ്രാങ്കോ കേസിൽ അതിജീവിതക്ക് നീതി നിഷേധിച്ചു. വിചാരണക്കോടതി വിധിയിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ട്. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പറയുന്നത് ശരിയല്ല. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ബാലിശമെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിന് കാരണമായത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖമാണെന്നും അഡ്വ ബിജി ഹരീന്ദ്രനാഥ് പറഞ്ഞു.
ഹൈക്കോടതിയിൽ മുഴുവൻ വാദങ്ങളും നിരത്തും. അതിജീവിതയുടെ എല്ലാ മൊഴികളും ഹൈക്കോടതിയിലെത്തിക്കും. കീഴ്ക്കോടതിയുടെ വാദങ്ങൾ ബാലിശമാണെന്ന് തെളിയിക്കാൻ ശ്രമിക്കും. ആറുമാസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥൻ പബ്ലിക് പ്രോസിക്യൂട്ടറാവാൻ കഴിയുമോ എന്ന് അന്വേഷിച്ച് എത്തിയത്. പിന്നീട് യാതൊന്നും ഉണ്ടായില്ല. ചെറിയ കാര്യങ്ങൾക്ക് പോലും മുഖ്യമന്ത്രിയെ കാണണമെന്നത് നമ്മുടെ സിസ്റ്റം ശരിയല്ലെന്നതിൻ്റെ തെളിവാണ്. സിസ്റ്റർ റാണിറ്റ് മുഖ്യമന്ത്രിയെ കണ്ടത് കൊണ്ടാണ് നിയമനമുണ്ടായത്. അതിനുള്ള പശ്ചാത്തലം വിനുവിൻ്റെ അഭിമുഖമാണ്. അത് മാധ്യമങ്ങളെല്ലാം വീണ്ടും കാണിക്കുന്നുണ്ട്. കന്യാസ്ത്രീകൾ ചട്ടക്കൂടിനുള്ളിലാണ് ജീവിക്കുന്നത്. അവർ പുറത്തിറങ്ങിയാൽ സാമൂഹികമായി പ്രതിസന്ധികളുണ്ട്. അവരെ സഹായിക്കാൻ ആരുമില്ല. അഗസ്റ്റിൻ വട്ടോളിയെ പോലെ കുറച്ചാളുകൾ മാത്രമേ അവരെ സഹായിക്കാനുള്ളൂവെന്നും അഡ്വ ബിജി ഹരീന്ദ്രനാഥ് പറഞ്ഞു.


