മേക്ക് ഇന്‍ ഇന്ത്യയിലൂടെ രാജ്യത്തിന്‍റെ അഭിമാനമാകാന്‍ വന്ദേ ഭാരത് എക്സ്പ്രസ്

By Web TeamFirst Published Jan 27, 2019, 6:16 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ ട്രെയിന്‍ വികസിപ്പിച്ചെടുത്തത്. ശതാബ്ദി എക്സ്പ്രസിനേക്കാള്‍ 40-50 ശതമാനത്തില്‍ കൂടുതല്‍ വേഗത്തിലുള്ള ട്രെയിനാണ് നിര്‍മിച്ചിരിക്കുന്നതെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നു

ദില്ലി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാകാന്‍ പോകുന്ന ട്രെയിന്‍ 18 പുനര്‍നാമകരണം ചെയ്തു. ട്രെയിന്‍ 18 ഇനി മുതല്‍ വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ എന്‍ജിനിയര്‍മാരുടെ 18 മാസത്തെ അധ്വാനത്തിലൂടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് യാഥാര്‍ഥ്യമാകുന്നത്.

ലോക നിലവാരത്തിലുള്ള ട്രെയിന്‍ സ്വദേശീയമായി നിര്‍മിക്കാനാകുമെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് വന്ദേ ഭാരത് എക്സ്പ്രസ് എന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ ട്രെയിന്‍ വികസിപ്പിച്ചെടുത്തത്.

ശതാബ്ദി എക്സ്പ്രസിനേക്കാള്‍ 40-50 ശതമാനത്തില്‍ കൂടുതല്‍ വേഗത്തിലുള്ള ട്രെയിനാണ് നിര്‍മിച്ചിരിക്കുന്നതെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നു. ബജറ്റിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് ട്രെയിന്‍റെ സര്‍വീസ് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതിനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്.

ദില്ലിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്കാണ് വന്ദേ ഭാരത് എക്സ്പ്രസ് ആദ്യം സര്‍വീസ് തുടങ്ങുക. ശതാബ്ദി എക്സ്പ്രസിന്‍റെ എക്സിക്യൂട്ടിവ്, ചെയര്‍കാര്‍ എന്നിവയേക്കാള്‍ 40-50 ശതമാനം നിരക്ക് വര്‍ധന വന്ദേ ഭാരത് എക്സ്പ്രസിന് ഉണ്ടാകും.

എട്ട് മണിക്കൂര്‍ കൊണ്ട് ദില്ലിയില്‍ നിന്ന് വാരണാസിയിലേക്കുള്ള 755 കിലോമീറ്റര്‍ ട്രെയിന്‍ എത്തും. കാണ്‍പൂരിലും പ്രയാഗ്‍രാജിലും സ്റ്റോപ്പുകളുണ്ടാകും. ഇപ്പോള്‍ ഇതേ ദൂരം താണ്ടാന്‍ പതിനൊന്നര മണിക്കൂറോളമാണ് എടുക്കുന്നത്.

click me!