അങ്കമാലി വഴിയുള്ള  ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

By Web DeskFirst Published Aug 29, 2016, 3:51 AM IST
Highlights

തിരുവനന്തപുരം-മംഗലാപുരം എക്‌സ്‌പ്രസ് പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ അങ്കമാലി- കറുകുറ്റി വഴിയുളള റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇരു പാളങ്ങളിലൂടെയും വൈദ്യുതി എന്‍ജിനുകള്‍ ഉപയോഗിച്ചുള്ള  തീവണ്ടികള്‍ ഓടിത്തുടങ്ങി. ട്രെയിന്‍ ഗതാഗതം പൂര്‍ണമായും ശരിയാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് സൂചന. 

പാളം തെറ്റിയതിനെത്തുടര്‍ന്ന്  ട്രെയിന്‍ ഗതാഗതം സ്തംഭിച്ച അങ്കമാലി-കറുകുറ്റി റൂട്ടില്‍ ഇന്നു പുലര്‍ച്ച രണ്ട് മണിക്കാണ് പണികള്‍ പൂര്‍ത്തിയാക്കി പാത സഞ്ചാര യോഗ്യമാക്കിയത്. റെയില്‍വെ ജീവനക്കാരുടെ തീവ്ര പരിശ്രമത്തോടെയാണിത്. 2.20ഓടെ തിരുവനന്തപുരം-ബിലാസ്പൂര്‍ എക്‌സ്‌പ്രസ് കടന്നുപോയി. രാവിലെ 7.45ഓടെ ചെന്നൈ എക്‌സപ്രസും സര്‍വ്വീസ് നടത്തി. വേഗത കുറച്ചാണ് ട്രെയിനുകളെ കടത്തിവിടുന്നത്. നാളെ രാവിലെയോടെ സാധാരണ സമയക്രമം പാലിച്ചുള്ള ഗതാഗതം സാധ്യമാകുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ ഹ്രസ്വദൂര  സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്. രാവിലെയുള്ള ഗുരുവായര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്‌സ്‌പ്രസ്, എറണാകുളം-കണ്ണൂര്‍ എക്‌സപ്രസ്, നിലമ്പൂര്‍ എക്‌സ്‌പ്രസ്, എറണാകുളം-പുനലൂര്‍ മെമു സര്‍വ്വീസ് എന്നിവയാണ് റദ്ദാക്കിയത്. എന്നാല്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ സമയം വൈകി സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം ആലപ്പുഴ-കണ്ണൂര്‍ എക്‌സ്‌പ്രസ് ഭാഗികമായി ഷൊര്‍ണൂരില്‍ നിന്ന് സര്‍വ്വീസ് തുടങ്ങിയതായും റെയില്‍വേ അറിയിച്ചു.

click me!