
തൃശൂർ: കേരളത്തിലും ദയാവധത്തിന് അപേക്ഷ. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗക്കാരിയായ സുജിയാണ് തൃശൂർ കളക്ടർക്ക് അപേക്ഷ നൽകിയത്. ജീവിക്കാൻ മാർഗമില്ലാത്തതിനാൽ പട്ടിണിയാണെന്നാണ് സുജിയുടെ പരാതിയിലുളളത്.
ഇനിയും അവഗണനയോടെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് ബോധ്യമായതിനാലാണ് കടുത്ത തീരുമാനമെന്ന് സുജി പറയുന്നു. ബിഎസ്‍സി നഴ്സിംഗ് ബിരുദം 1989ൽ നേടിയ താൻ മൂന്ന് പതിറ്റാണ്ടുകളായി ജോലിക്കായി അലയുകയാണ്. പലതവണ കളക്ടർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. മിക്ക ദിവസങ്ങളിലും പട്ടിണിയിലാണെന്നും അന്തസോടെ മരിക്കാൻ അനുവദിക്കണമെന്നും സുജി ആവശ്യപ്പെടുന്നു. ദയാവധത്തിന്‍റെ തീയ്യതി ഉടൻ തീരുമാനിക്കണമെന്നും തൃശൂർ കളക്ടർ എ കൗശികന് നൽകിയ അപേക്ഷയിൽ സുജി വ്യക്തമാക്കുന്നു.
കൊച്ചി മെട്രോയിൽ ജോലിക്കായി അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. പ്രായ പരിധി കഴിഞ്ഞതിനാൽ പിഎസ്‍സിക്ക് അപേക്ഷിക്കാനാകില്ല. നഴ്സിംഗ് പഠനം പൂർത്തിയാക്കിയെങ്കിലും ആശുപത്രികളും പരിഗണിക്കുന്നില്ല. കേരളത്തിലെ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തോടെ മലയാളി കാണിക്കുന്ന അവഗണന ജനം തിരിച്ചറിയണമെന്നും സുജി പറയുന്നു. ദയാവധത്തിന് നിയമസാധുത നൽകി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷിക്കാൻ തീരുമാനിച്ചത്. കേരളത്തിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ കൂടിയാണ് സുജി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam