
ദില്ലി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയെ അനുകൂലിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോർഡിന്‍റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.
സ്ത്രീക്കും പുരുഷനും തുല്യാവകാശം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തു. ആർത്തവമാണ് മനുഷ്യകുലത്തിന്‍റെ നിലനിൽപ്പിന്‍റെ അടിസ്ഥാനം. ആർത്തവത്തിന്‍റെ പേരിൽ യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്നാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങൾ ഉൾകൊണ്ടേ മതിയാകൂ. ക്ഷേത്രാചാരങ്ങൾ രാജ്യത്തിന്‍റെ ഭരണഘടനയ്ക്ക് എതിരാകരുത്. സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ, റിട്ട് ഹർജികൾ തള്ളിക്കളയണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
യുവതി പ്രവേശനത്തെ ദേവസ്വം ബോർഡ് നേരത്തെ എതിർത്തിരുന്നില്ലേ എന്ന് ജസ്റ്റിസ് ഇന്ദുമൽഹോത്ര ചോദിച്ചു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്‍റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam