വനിതാമതിലിന്‍റെ തുടർച്ച തീരുമാനിക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗം

By Web TeamFirst Published Jan 24, 2019, 7:24 AM IST
Highlights

വനിതാമതിൽ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പുന്നല ശ്രീകുമാർ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ സിപിഎമ്മിനും അതൃപ്തിയുണ്ട്.


തിരുവനന്തപുരം: വനിതാ മതിലിന് ശേഷമുള്ള തുടർ പ്രചാരണ പരിപാടികൾക്ക് രൂപം നൽകാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ചെയർമാൻ വെള്ളാപ്പള്ളി നടേശൻ, കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.

നവോത്ഥാന പാരമ്പര്യമുള്ളതും നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ 176 സംഘടനകളെ ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ നവോത്ഥാന മൂല്യസംരക്ഷണ സമിതി സംഘടിപ്പിച്ചത്. ശബരിമല വിവാദം കത്തിനിന്ന സാഹചര്യത്തിലായിരുന്നു ഈ കൂട്ടായ്മക്ക് സർക്കാരും എസ്എൻഡിപിയും കെപിഎംഎസും അടക്കമുള്ള സംഘടനകൾ മുൻകൈ എടുത്തത്. അതേസമയം നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംഘടിപ്പിച്ച ആദ്യ പരിപാടി ആയ വനിതാമതിലിന്‍റെ ലക്ഷ്യം സംബന്ധിച്ച് മുഖ്യ സംഘാടകരായ വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു.

വനിതാമതിൽ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പുന്നല ശ്രീകുമാർ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ സിപിഎമ്മിനും അതൃപ്തിയുണ്ട്. വനിതാമതിലിന്‍റെ വിലയിരുത്തലും അത് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ഉണ്ടാക്കിയ പ്രതികരണങ്ങളും ഇന്നത്തെ യോഗം ചർച്ച ചെയ്യും. 

click me!