
മൂന്നാര്‍: ചിന്നക്കനാലില്‍ ആദിവാസികള്‍ക്കായി സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിലും കൈയ്യേറ്റമാഫിയ. പതിനാലുകൊല്ലം മുമ്പ് ആദിവാസികള്‍ക്കായി അളന്നു തിട്ടപ്പെടുത്തിയ ചിന്നക്കനാല്‍ മുത്തമ്മാള്‍ ചോല റോഡിലെ ഭൂമി കൈയ്യേറ്റക്കാര്‍ വളച്ചുകെട്ടി. പട്ടയം കിട്ടിയിട്ടും മണ്ണില്ലാതെ 140ലേറെ ആദിവാസികള്‍. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
ആദിവാസി ഭൂസമരത്തെത്തുടര്‍ന്ന് 2003 ല്‍ ചിന്നക്കനാല്‍ വില്ലേജില്‍ അനുവദിച്ചത് 500 ലേറെ പട്ടയങ്ങള്‍. അതില്‍ 143 പേര്‍ക്ക് രേഖ നല്‍കിയെങ്കിലും മണ്ണുചൂണ്ടിക്കാട്ടി നല്‍കിയില്ല. ഇന്നും അവരുടെ കാത്തിരിപ്പ് തുടരുന്നു. കണ്ടെത്തിയ ഭൂമിയെവിടെന്ന അന്വേഷണമാണ് ഞങ്ങളെ ചിന്നക്കനാല്‍ വിലക്ക് മുത്തമ്മാള്‍ ചോല റോഡിലെത്തിച്ചത്. സര്‍വേ നമ്പര്‍ 82 ല്‍ 13 പ്ലോട്ടുകളായി തിരിച്ച് ആദിവാസികള്‍ക്കായി തിട്ടപ്പെടുത്തിയ ഭൂരേഖയും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഒരു കുടുംബത്തിന് ഒരേക്കര്‍ വീതം 13 പേര്‍ക്കെന്ന് കണക്ക്. ഇനി ഈ സ്ഥലം നേരത്തെ സര്‍ക്കാര്‍ രേഖയില്‍ എന്തെന്നു കൂടി കാണണം. 1976 ലെ റീസര്‍വ്വേ രേഖകളില്‍ വനം വകുപ്പ് യൂക്കാലി കൃഷി ചെയ്തുവരുന്നു എന്നും കാണാം. ആനയിറങ്കല്‍ ഡാമിനോട് ചേര്‍ന്നു നില്‍ക്കുന്ന ഭൂമി കൃഷി ചെയ്തു ജീവിക്കാന് ആദിവാസികള്ക്ക് പര്യാപ്തമായിരുന്നു താനും.
ഈ ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി കൂടി കാണണം. കല്ലിറക്കി വളച്ചുകെട്ടിയിരിക്കുന്നു, ഉള്ളില്‍ തകരം കൊണ്ടു മറച്ച കാവല്‍പ്പുരയും. ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. ചിന്നക്കനാലില്‍ വിവിധ ഇടങ്ങളിലിങ്ങനെ കൈയ്യേറ്റക്കാര്‍ മണ്ണുവെട്ടിപ്പിടിച്ചപ്പോള്‍ 143 ആദിവാസികള്‍ വഴിയാധാരമായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam