ശിശുപീഡകനായ പുരോഹിതനെ രക്ഷിക്കാന്‍ ശ്രമിച്ച സിഡബ്യൂസിക്ക് ആദിവാസികളോട് ഇരട്ട നീതി

By Web DeskFirst Published Mar 12, 2017, 8:15 AM IST
Highlights

കോഴിക്കോട്: പുരോഹിതൻ ബലാൽസംഗം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്  കുഞ്ഞ് ജനിച്ച കാര്യം മറച്ച് വെച്ച വയനാട്ടിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി  ആദിവാസി വിഭാഗത്തിൽ പെട്ടവർ ഗോത്രാചാര പ്രകാരം വിവാഹം കഴിച്ച വിഷയത്തിൽ കേസ്സെടുക്കാൻ അമിത താത്പര്യം കാണിച്ചു.ഗോത്രാചാര പ്രകാര വിവാഹം കഴിച്ച 12 ൽ അധികം പേർക്കെതിരെയാണ്   പോക്സോ പ്രകാരം  കേസ്സെടുത്തത്. ഫാ.ജോസഫ് തേരകം അദ്ധ്യക്ഷനായ ശിശുക്ഷേമ സമിതിയാണ് ഈ കേസുകളെടുക്കാൻ മുൻകൈ എടുത്തത്.

അമ്പലവയൽ കുംപ്ലേരി അയ്യപ്പൻ മൂല കോളനിയിൽ ഗോത്രാചാര പ്രകാരം വിവാഹിതനായ ബാബുവിന്‍റെ ഭാര്യയാണിത്.വിവാഹം കഴിച്ച്  ഗ‍ർഭിണിയായ പെൺകുട്ടിയുമായി ആശുപത്രിയിൽ കാണിക്കാൻ പോയപ്പോൾ  പ്രായപൂർത്തിയാകാത്തതിനാൽ ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിയിച്ചു. തുടർന്ന് ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസ്സെടുത്തു. ബലാൽസംഗം അടക്കം നിരവധി വകുപ്പുകളാണ് ചുമത്തിയത്. 

ഒടുവിൽ ഒരു വർഷത്തെ വിചാരണ തടവിന് ശേഷം ബാബുവിനെ വയനാട് പോക്സോ കോടതി ജഡ്ജി പഞ്ചാബ കേശൻ 40 വർഷത്തേക്ക് ശിക്ഷിച്ചു.  ഇപ്പോൾ ശിക്ഷ അനുഭവിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി.സ്വന്തം കുഞ്ഞിനെ കാണാൻ പോലും ഈ ആദിവാസി യുവാവിന് കഴിഞ്ഞിട്ടില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് നിയമത്തെകുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്ന് ഈ  രംഗത്തുള്ളവർ ചൂണ്ടി കാണിച്ചപ്പോൾ അറസ്റ്റും ജയിലും ബോധവത്കരണത്തിന്‍റെ ഭാഗമാണെന്നായിരുന്നു അന്നത്തെ ശിശുക്ഷേമ സമിതി ചെയർമാൻ ഫാ. ജോസഫ് തേരകത്തിന്‍റെ പ്രതികരണം.ഇതേ ഫാ‍ദർ ജോസഫ് തേരകമാണ് കൊട്ടിയൂർ ബലാൽസംഗ കേസിലെ കുട്ടിയുടെ കാര്യം മറച്ച് വെക്കാൻ മുൻകൈ എടുത്തത്.

പീഡനത്തിനിരയാകുന്ന ആദിവാസി കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള നിർഭയയിൽ തന്നെ പാർപ്പിക്കണമെന്ന ശാഠ്യംവും തേരകം കാണിച്ചിരുന്നു.  ബാബുവിന്‍റെ ജാമ്യ ഹർജി ഒരു വർഷമായി ഹൈക്കോടതിയിൽ തീരുമാനമാകാതെ കിടിക്കുകയാണ്. സമാനമായ രീതിയിൽ 3 ആദിവാസികൾക്ക് ശിക്ഷലഭിച്ചപ്പൾ 9 കേസുകളിൽ വിചാരണ നടക്കുകയാണ്. 

click me!