‘ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്‍റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എന്‍റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്’
തിരുവനന്തപുരം: എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സി പി ഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തിലെ മാധ്യമ പ്രവർത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. 'ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്‍റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എന്‍റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുമുണ്ടെന്ന് ഞാൻ കരുതുന്നില്ല' - മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളപ്പള്ളിയുടെ ചതിയൻ ചന്തു പരാമർശം തള്ളി
അതേസമയം വെള്ളാപ്പള്ളിയുടെ സി പി ഐക്കെതിരായ ചതിയൻ ചന്തു പരാമർശം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ തള്ളിക്കളഞ്ഞു. എൽ ഡി എഫ് മുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടിയാണ് സി പി ഐ. സി പി എമ്മിന് സി പി ഐയുമായി നല്ല ബന്ധമാണ് ഉള്ളത്. സി പി ഐ വഞ്ചന കാണിക്കുന്ന പാർട്ടിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ ആര് നയിക്കും എന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി തന്നെ നയിക്കുമോ എന്ന് ഞാൻ പറയേണ്ടതല്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
പോറ്റി ആദ്യം കയറിയത് സോണിയയുടെ വീട്ടിൽ
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിവാദത്തിൽ കോൺഗ്രസ് നേതാവും എം പിയുമായ അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പോറ്റി ആദ്യം കയറിയത് എവിടെയാണ്. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കൽ എത്താൻ കഴിയുന്നതെന്നും ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അടൂര്‍ പ്രകാശിന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളുകയും ചെയ്തു.


