ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് മരിക്കുന്നതിന് മുന്‍പ് മധുവിന്‍റെ മൊഴി

By Web DeskFirst Published Feb 23, 2018, 4:38 PM IST
Highlights

പാലക്കാട്:  നാട്ടുകാർ മർദ്ദിച്ചുവെന്ന് മരിക്കുന്നതിന് മുന്‍പ് മധു പൊലീസിന് മൊഴി നൽകി . 7 പേർ ചേർന്നാണ് മർദ്ദിച്ചതെന്നും മധു പറഞ്ഞു . എഫ്ഐആറിലാണ് ഈ വിവരങ്ങള്‍ ഉളളത്. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്‍മാന്‍, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നീ പേരുകളാണ് മധു പറഞ്ഞത്. അതേസമയം,  മർദ്ദനമേറ്റ് മരിച്ച മധുവിന്‍റെ  പോസ്റ്റ്മോർട്ടം നാളത്തേക്ക് മാറ്റി . 

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേര്‍ ഇപ്പോഴും പൊലീസ്കസ്റ്റഡിയിലാണ്. രാവിലെ പിടികൂടിയ ഏഴ് പേരില്‍ രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹുസൈൻ, അബ്ദുൾ കരീം, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ള മൂന്ന് പേർ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ സഹായിയാണ് ഉബൈദ്. മധുവിനെ കാട്ടില്‍ കയറി പിടിച്ചുകൊണ്ടുവന്നവരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍  മനുഷ്യാവകാശ കമ്മീഷനും എസ്‍സി-എസ്ടി കമ്മീഷനും കേസെടുത്തു.

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്‌ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്‌ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

click me!