
അഗർത്തല: നിക്ഷേപമില്ല, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യമേ വന്നിട്ടില്ല. കയ്യിലുള്ളത് 1520 രൂപ, ബാങ്കിലുള്ളത് 2410 രൂപയും. ഇദ്ദേഹം 20 വര്‍ഷമായി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മറ്റാരുമല്ല ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് മണിക് സര്‍ക്കാരിന്റെ ആസ്തി വിവരങ്ങളുള്ളത്.
ത്രിപുരയിൽ 1998 മുതൽ തുടർച്ചയായി 20 വര്‍ഷമായി മുഖ്യമന്ത്രിയാണ് മണിക് സർക്കാർ.2013ൽ മത്സരിക്കുമ്പോൾ ബാങ്കിൽ 9780.38 രൂപയുണ്ടായിരുന്നു. ഇപ്പോഴത് 2410 രൂപയായി കുറഞ്ഞു.
26,315 രൂപയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ മണിക് സർക്കാരിനു കിട്ടുന്ന ശമ്പളം. അതു മുഴുവനും പാർട്ടിക്കു നൽകും. പാർട്ടി പ്രതിമാസ ജീവിതച്ചെലവുകൾക്കായി തിരികെ 9700 രൂപ ഓണറേറിയം നൽകും,
ഇതിനു പുറമേ അദ്ദേഹത്തിന് ആകെയുള്ളത് 0.0118 ഏക്കർ കാർഷികേതര ഭൂമിയാണ്. സഹോദരങ്ങൾക്കും അതിൽ ഉടമസ്ഥാവകാശമുണ്ട്. അഞ്ചു തവണ മുഖ്യമന്ത്രിയായ അദ്ദേഹം മൊബൈൽ ഫോൺ കൊണ്ടുനടക്കാറില്ല, സമൂഹമാധ്യമത്തിൽ സാന്നിധ്യമില്ല. ഇ–മെയിൽ അക്കൗണ്ട് പോലുമില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ കിട്ടിയ ഔദ്യോഗിക വസതിയിലാണു ഭാര്യ പാഞ്ചാലി ഭട്ടാചാര്യയോടൊപ്പം താമസം.
റിക്ഷയിലാണു പാഞ്ചാലിയുടെ യാത്ര. കേന്ദ്ര സർക്കാർ സർവീസിൽനിന്നു വിരമിച്ച പാഞ്ചാലിയുടെ കൈവശമുള്ള പണം 20,140 രൂപയാണ്. ബാങ്ക് അക്കൗണ്ടിലുള്ളത് 12,15,714 രൂപ. ആറാം തവണയും മത്സരിക്കാനൊരുങ്ങുന്ന മണിക് സർക്കാർ നാമനിർദേശപത്രിക സമർപ്പിക്കുന്ന വേളയിലാണു സ്വത്തുവിവരം പ്രസിദ്ധപ്പെടുത്തിയത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമാണ് അദ്ദേഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam