
അഗര്‍ത്തല: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ജനങ്ങൾക്ക് വേണ്ടി മാത്രമാണ് ഇത്രയും കാലം നിലകൊണ്ടതെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകുന്ന ബിപ്ളവ് കുമാര്‍ ദേബ് സിപിഎം ആസ്ഥാനത്ത് എത്തി മണിക് സര്‍ക്കാരിനെ കണ്ടു.
സിപിഎമ്മിന്‍റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുള്ള വിജയമാണ് തൃപുരയിൽ ബി.ജെ.പി നേടിയത്. അതിന്‍റെ ആഘാതത്തിലാണ് അകലര്‍ത്തലയിലെ സിപിഎം ആസ്ഥാനം. രാവിലെ രാജ്ഭവനിലെത്തിയ മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ തഥാഗദ് റായിക്ക് കൈമാറി. കഴിഞ്ഞ 20 വര്‍ഷക്കാലം ജനങ്ങൾക്ക് വേണ്ടി മാത്രമാണ് നിലകൊണ്ടതെന്ന് രാജിക്ക് ശേഷം മണിക് സര്‍ക്കാര്‍ പറഞ്ഞു.
ബിജെ.പിയുടെ മുഖ്യമന്ത്രിയാകുന്ന ബിപ്ളവ് കുമാര്‍ ദേബ് അഗര്‍ത്തലയിലെ സിപിഎം ആസ്ഥാനത്ത് എത്തി മണിക് സര്‍ക്കാരിനെ കണ്ടു. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്കായി ബി.ജെ.പി നേതൃത്വം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വരുന്ന എട്ടാം തിയതിയാകും ബി.ജെ.പി മന്ത്രിസഭ അധികാരമേൽക്കുക.
മണിക് സര്‍ക്കാര്‍ ഇനി പ്രതിപക്ഷ നേതാവാകും. സിപിഎം വിജയിച്ച മണ്ഡലങ്ങളിൽ ആര്‍ക്കും വലിയ ഭൂരിപക്ഷം ഇല്ല എന്നത് ശ്രദ്ധേയമാണ്. ബി.ജെ.പിയുടെ സ്വാധീനം മുന്നിൽ കണ്ട് കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പാര്‍ടികളുമായി സഖ്യത്തിൽ മത്സരിക്കണമെന്ന നിര്‍ദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് സിപിഎം തുടക്കത്തിലേ തള്ളി. ബംഗാളിലെ പോലെ തൃപുരയിൽ ഒരു തിരിച്ചുവരവ് സിപിഎമ്മിന് ഇനി അത്ര എളുപ്പമാകില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam