
തൃശൂർ: സാഹിത്യ അക്കാദമിയിൽ വാഴപ്പിണ്ടിവെച്ച് പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. കണ്ടാൽ അറിയാവുന്ന പത്തോളം പേർക്കെതിരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് കേസ് എടുത്തത്.
കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സാംസ്‌കാരിക നായകരുടെ മൗനത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സാഹിത്യ അക്കാദമിയിൽ വാഴപ്പിണ്ടി വെച്ചത്. സാംസ്കാരിക നായകന്മാർക്ക് നട്ടെല്ലിനു പകരം വാഴപ്പിണ്ടി ഉപയോഗിക്കാമെന്ന മുദ്രാവാക്യത്തോടെയാണ് യൂത്ത് കോൺഗ്രസ് വാഴപ്പിണ്ടി സമ്മാനിച്ചത്.
സാഹിത്യ അക്കാദമിയുടെ അകത്തേക്ക് കയറുന്നത് പൊലീസ് തടഞ്ഞതോടെ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍റെ കാറിന് മുകളിൽ വാഴപ്പിണ്ടി വെച്ചാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. അന്‍റാർട്ടിക്കയിലെ പെൻഗ്വിന് പനി പിടിച്ചാൽപ്പോലും മെഴുകുതിരി കത്തിക്കാൻ ഇറങ്ങുന്നവർ ഇരട്ടക്കൊല കണ്ടിട്ടും മിണ്ടാതിരിക്കുകയാണെന്നും സാംസ്കാരിക നായകന്മാരുടെ ഈ മൗനത്തിൽ പ്രതിഷേധിച്ചാണ് വാഴപ്പിണ്ടി നൽകുന്നതെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam