ട്രക്ക് തൊഴിലാളികളുടെ സമരം പിന്‍വലിച്ചു; പാചക വാതക വിതരണം തടസ്സപ്പെടില്ല

By Web DeskFirst Published May 1, 2017, 3:46 PM IST
Highlights

സംസ്ഥാനത്ത് പാചക വാതകം എത്തിക്കുന്ന ട്രക്ക് തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ലോറി ഉടമകളും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. അടിസ്ഥാന ശമ്പളമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഇന്‍സെന്റീവ് വര്‍ദ്ധന നല്‍കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന സംഘടനകള്‍ പിന്‍മാറിയത്.

അടിസ്ഥാന ശമ്പളം പ്രഖ്യാപിക്കുക, ഓരോ ട്രിപ്പിനും ലഭിക്കുന്ന ബത്തയിൽ വർദ്ദനവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ ആറ് പ്ലാന്റുകളിൽ നിന്നുള്ള  1500ഓളം  തൊഴിലാളികൾ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. നിലവിൽ ഒരു ലോഡിന് 825 രൂപയാണ് ലോറി ഡ്രൈവർമാർക്ക് ലഭിക്കുന്ന ദിന ബത്ത. അഡീഷണല്‍ ലേബർ കമ്മീഷണർ തുളസീധരൻ വിളിച്ച ചർച്ചയിൽ ബത്ത  950 ആക്കി ഉയർത്തണമെന്നും അടിസ്ഥാന ശമ്പളം 3000 രൂപ നൽകണമെന്നും ഡ്രൈവർമാരുടെ സംഘടന നിലപാടെടുത്തു. ഉടമകൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരത്തിലേക്ക് എന്ന നിലപാടിലേക്ക് സംഘടനകള്‍ നീങ്ങി. ഒടുവില്‍  രണ്ടാംവട്ട ചര്‍ച്ചയില്‍ ഇന്‍സെന്റീവ് വര്‍ദ്ധനയെന്ന സമവായത്തിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍ അടിസ്ഥാന ശമ്പളം പ്രഖ്യാപിക്കാത്തിനാല്‍ ബി.എം.എസ്, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകള്‍ കരാറില്‍ ഒപ്പ് വെച്ചില്ല.  ചര്‍ച്ചയില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഇരു സംഘടനകളും എന്നാല്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് വ്യക്തമാക്കി.

click me!