മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപേ ബിജെപി-ശിവ സേന സഖ്യം 66 സീറ്റുകളിലും എൻസിപി രണ്ട് സീറ്റുകളിലും എതിരില്ലാതെ വിജയിച്ചു. മറ്റ് പാർട്ടികളിലെ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് വിജയം നേടാനായത്.

മഹാരാഷ്ട്രയിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഒരു വോട്ട് പോലും പോൾ ചെയ്യുന്നതിന് മുൻപ് ബിജെപി-ശിവ സേന സഖ്യം 66 സീറ്റിൽ ജയിച്ചു. എൻസിപി രണ്ട് സീറ്റും നേടി. ഇന്ന് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണിത്. മറ്റ് പാർട്ടികളുടെയും സഖ്യങ്ങളുടെയും സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെയാണ് 68 സീറ്റിൽ എതിരാളികളില്ലാതെ ബി.ജെ.പിക്കും കൂട്ടർക്കും ജയിക്കാനായത്.

കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ, ബിജെപിയിൽ നിന്ന് 15 പേരും ശിവസേനയിൽ നിന്ന് ആറ് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ ആറ് സീറ്റിൽ വീതം ശിവസേനയും ബി.ജെ.പിയും ജയിച്ചു. പൻവേലിലും ഏഴ് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചു. എൻസിപി ശരദ് പവാർ വിഭാഗത്തിൻ്റെ ശക്തികേന്ദ്രമായ ഭിവണ്ടിയിലും ആറ് സീറ്റിൽ ബിജെപി എതിരില്ലാതെ ജയിച്ചു.

താനേയിൽ ആറിടത്ത് ശിവസേന എതിരില്ലാതെ ജയിച്ചു. ധൂലെയിൽ മൂന്ന് ബിജെപി സ്ഥാനാർത്ഥികളും രണ്ട് എൻസിപി സ്ഥാനാർത്ഥികളും എതിരില്ലാതെ ജയിച്ചു. അഹല്യ നഗറിൽ ബിജെപി ഒരു സീറ്റിൽ ജയിച്ചു. ഇതോടെ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിലെ വൻ വിജയം ബിജെപി ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.