
സിംഗപ്പൂര്‍: ലോകം ആകാംക്ഷയോടെ കാത്തിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരം. പുതിയൊരു തുടക്കമെന്ന് ട്രംപ് പ്രതികരിച്ചപ്പോൾ കൊറിയൻ മേഖലയിൽ സന്പൂർണ ആണവനിരായുധീകരണം ഉടനുണ്ടാകുമെന്നായിരുന്നു കിമ്മിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും സമാധാന കരാറിലും ഒപ്പുവച്ചു.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കാപെല്ലോ ഹോട്ടലിൽ കൊറിയൻ മേഖലയിലെ സമാധാന ശ്രമങ്ങളിലേക്കാണ് ട്രംപും കിം ജോങ് ഉന്നും കൈകൊടുത്തത്. മഹത്തരമായ കൂടിക്കാഴ്ച നടന്നതെന്നും സമാധാനം കൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ചരിത്രപരമായ കൂടിക്കാഴ്ചയെന്നും ഭൂതകാലം മറന്നുകൊണ്ടുളള ബന്ധത്തിന് തുടക്കമായെന്നുമായിരുന്നു കിമ്മിന്റെ പ്രതികരണം. നിരവധി മാറ്റങ്ങൾക്ക് ലോകം ഉടൻ സാക്ഷ്യം വഹിക്കുമെന്നും കിം പറഞ്ഞു.
കൃത്യം ഏഴ് മാസം മുമ്പുള്ള ട്വീറ്റിൽ കിം ജോങ് ഉന്നിനെ കുള്ളനെന്ന് കളിയാക്കിയ ട്രംപ്, വളരെ കഴിവുള്ളവാനാണ് ഉത്തരകൊറിയൻ ഭരണാധികാരിയെന്നാണ് ഇന്ന് വിശേഷിപ്പിച്ചത്. കൂടുതൽ ചര്‍ച്ചകൾക്കായി കിമ്മിനെ വൈറ്റ് ഹൗസിലേക്കും ട്രംപ് ക്ഷണിച്ചു.
പരിഭാഷകരുടെ സഹായത്തോടെ 45 മിനിറ്റോളം നീണ്ടുനിന്ന സൗഹൃദ സംഭാഷണത്തിന് ശേഷമാണ് ട്രംപും കിമ്മും നയതന്ത്രജ്ഞരോടൊത്തുള്ള ചര്‍ച്ചയിലേക്ക് നീങ്ങിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പാംപയോയും , കിമ്മിന്റെ സഹോദരി കിം യോ ജോങ്ങും ഭാഗമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam