
വാഷിങ്ടണ്‍: അമേരിക്കയിൽ കുടിയേറ്റ നിയമം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നന്നേയ്ക്കുമായി നിർത്തിവെയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം തടയുക, വിദേശ പൗരന്മാരെ കർശനമായി നിരീക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നീക്കത്തിൻ്റെ ഭാഗമായി, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കാൻ തൻ്റെ ഭരണകൂടം പ്രവർത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
വൈറ്റ് ഹൗസിന് സമീപം അഫ്ഗാൻ പൗരൻ്റെ വെടിയേറ്റ് നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ മരിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ പ്രഖ്യാപനം വന്നത്. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ സ്ഥിര താമസ പദവി (ഗ്രീൻ കാർഡ്) പുനഃപരിശോധിക്കുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു-
"അമേരിക്കയെ പൂർണമായി വീണ്ടെടുക്കാൻ എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ഞാൻ സ്ഥിരമായി നിർത്തിവയ്ക്കും. ജോ ബൈഡൻ ഒപ്പുവെച്ചത് ഉൾപ്പെടെയുള്ള എല്ലാ അനധികൃത പ്രവേശനവും അവസാനിപ്പിക്കും. അമേരിക്കയ്ക്ക് മുതൽക്കൂട്ട് അല്ലാത്തവരെയോ അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ സ്നേഹിക്കാൻ കഴിയാത്തവരെയോ പുറത്താക്കുകയും ചെയ്യും"- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പൗരന്മാർ അല്ലാത്തവർക്ക് നൽകുന്ന എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും അമേരിക്ക അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടെ സമാധാനം തകർക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുകയും സുരക്ഷാ ഭീഷണി ഉയർത്തുന്ന ഏതൊരു വിദേശ പൗരനെയും നാടുകടത്തുകയും ചെയ്യുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, ഓഷ്യാനിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന, വികസ്വര രാജ്യങ്ങളെ സൂചിപ്പിക്കുന്ന പദമാണ് തേർഡ് വേൾഡ്. ട്രംപിൻ്റെ അഭിപ്രായത്തിൽ റിവേഴ്സ് മൈഗ്രേഷനിലൂടെ മാത്രമേ നിലവിലെ സാഹചര്യം പൂർണ്ണമായി പരിഹരിക്കാൻ കഴിയൂ.
വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്പ് നടന്നതിന് ശേഷം, 19 രാജ്യങ്ങളിൽ നിന്നുമുള്ള ഓരോ വിദേശ പൗരൻ്റെയും ഗ്രീൻ കാർഡ് കർശനമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ താൻ ഉത്തരവിട്ടതായി ട്രംപ് അറിയിച്ചു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ബറുണ്ടി, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ക്യൂബ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലാവോസ്, ലിബിയ, സിയറ ലിയോൺ, സൊമാലിയ, സുഡാൻ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനസ്വേല, യെമൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ഈ വർഷം ജൂണിൽ ട്രംപ് പുറത്തിറക്കിയ പ്രഖ്യാപനത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളാണിവ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് ഉടനടി നിർത്തിവെക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam