
ന്യൂയോർക്ക്: നരേന്ദ്രമോദിയോടുള്ള തന്റെ സൗഹൃദം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മോദിയുമായുള്ള തന്റെ സൗഹൃദം ട്രംപ് തുറന്നു കാട്ടിയത്.
ചർച്ചക്കിടയിൽ പ്രധാനമന്ത്രി പ്രസിഡന്റിന് ആശംസകൾ അറിയിച്ചതായി സുഷമാ സ്വരാജ് ട്രംപിനെ അറിയിക്കുകയായിരുന്നു. തുടർന്ന് താൻ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും, തന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് തന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കണമെന്നും സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടു.
പരിപാടിയുടെ സമാപന വേളയിൽ ട്രംപ് വേദി വിട്ടിറങ്ങിയതിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡർ നിക്കി ഹെയ്ലി സുഷമയെ ആലിംഗനം ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ 73-ാമത് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ശനിയാഴ്ച യുഎസിലെ ന്യൂയോർക്കിലെത്തിയതാണ് വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. ട്രംപിന്റെ അധ്യക്ഷതയിൽ നടന്ന ലോക മരുന്ന് പ്രശ്നം പരിഹരിക്കുന്നതിന്റെ മാർഗങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
ഒരാഴ്ച നീളുന്ന സമ്മേളനത്തിനിടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും സുഷമ ചർച്ച നടത്തും. സെപ്റ്റംബർ 29ന് യു എൻ പൊതുസഭയെ സുഷമാ സ്വരാജ് അഭിസംബോധന ചെയ്ത് സംസാരിക്കും. യു എൻ അംഗങ്ങളായ 193 രാജ്യങ്ങളിലെ പ്രതിനിധികൾ സമ്മേളനത്തിനെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam