മിസൈൽ ആക്രമണത്തിന് പിന്നിൽ ഇസ്രായേലെന്ന് സിറിയ

By Web DeskFirst Published Apr 10, 2018, 1:41 AM IST
Highlights
  • മിസൈൽ ആക്രമണത്തിന് പിന്നിൽ ഇസ്രായേലെന്ന് സിറിയ

ദമാസ്കസ്: സൈനിക വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നിൽ ഇസ്രായേലെന്ന് സിറിയ. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനകം സിറിയയിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.  അതേസമയം ദൗമയിലുണ്ടായ രാസായുധ പ്രയോഗം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ ഇന്ന് അടിയന്തിര യോഗം ചേരും. രാസായുധ പ്രയോഗത്തിന്റെ ഞെട്ടൽ മാറും മുന്പാണ് യുദ്ധ ഭൂമിയിൽ വീണ്ടും മിസൈലുകൾ പതിച്ചത്.

ഹോംസ് പട്ടണത്തിനരികെയുള്ള ടിയാസ് സൈനികത്താവളത്തിന് നേരെയായിരുന്നു ആക്രമണം. ഇസ്രായേലിന്റെ ജെറ്റ് വിമാനങ്ങളാണ് മിസൈലുകൾ വർഷിച്ചത്. എട്ട് മിസൈലുകളിൽ അഞ്ചെണ്ണം സൈന്യം തടഞ്ഞെങ്കിലും മൂന്നെണ്ണം സൈനികത്താവളം തകർത്തു.  2012 മുതൽ പലതവണ ഇസ്രായേൽ സിറിയയിൽ ആക്രമണം നടത്തിയിട്ടുണ്ട്. സിറിയയിൽ ഇറാന്റെ സജീവ ഇടപെടലാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ദൗമയിൽ നടത്തിയ രാസായുധ പ്രയോഗത്തെ ലോക രാഷ്ട്രങ്ങൾ അപലപിച്ചു.  സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സംയുക്ത പ്രസ്താവനയിലാണ് അപലപിച്ചത്. അക്രമണത്തിന് അമേരിക്കയെ ആദ്യം പഴിച്ച സിറിയ പിന്നീട് പിൻവലിക്കുകയായിരുന്നു.

click me!