
ചെന്നൈ: എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്നും താഴെയിറക്കാൻ ഉപമുഖ്യമന്ത്രി ഒ. പനീർശെല്‍വം തന്‍റെ സഹായം തേടിയെന്ന് അമ്മ മക്കള്‍ മുന്നേറ്റകഴകം നേതാവ് ടി.ടി.വി. ദിനകരൻ. ദിനകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച ഒപിഎസ്, പക്ഷെ മറ്റ് ആരോപണങ്ങള്‍ നിഷേധിച്ചു.
ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വച്ച് കഴിഞ്ഞ വർഷം ജൂലൈയില്‍ ഒ പി എസ്സുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ടിടിവിയുടെ വെളിപ്പെടുത്തല്‍. ശശികലക്കെതിരെ പറഞ്ഞതിനും ചെയ്തതിനും എല്ലാം ക്ഷമ ചോദിച്ച ഒപിഎസ് എടപ്പാടിയെ താഴെയിറക്കാൻ സന്നദ്ധത അറിയിച്ചു. കഴിഞ്ഞ മാസവും ഒപിഎസ്സിന്‍റെ സുഹൃത്ത് കൂടിക്കാഴ്ചക്ക് സമയം ചോദിച്ചുവെന്നും ടിടിവി ദിനകരൻ ആരോപിച്ചു.
ഇപിഎസ്സിനെ താഴെയിറക്കി സാറിനെ ആ പദവിയില്‍ ഇരുത്താൻ ഞാൻ തയ്യാറാണ്. അതിന് വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് ഒപിഎസ്സിന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞത്. ഇത്തരം ചർച്ചകള്‍ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ടി ടി വി ദിനകരന്‍ മധ്യമങ്ങളോട് പറഞ്ഞു. ഒരു സുഹൃത്തിന്‍റെ നിർബന്ധത്താല്‍ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച ഒപിഎസ്, പക്ഷെ സർക്കാറിനെ അട്ടിമറിക്കാൻ ദിനകരൻ നിർബന്ധിച്ചതോടെ പിൻവാങ്ങിയെന്നാണ് അവകാശപ്പെടുന്നത്.
എടപ്പാടിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറക്കിവിട്ട്, തനിക്ക് മുഖ്യമന്ത്രിയാകണമെന്ന ഉദ്ദേശത്തോടെയാണ് ടിടിവി സംസാരിച്ചത്..അതോടെ ഞാൻ പിൻവാങ്ങി. ഒപിഎസ് പറഞ്ഞു. പിന്നീട് ടി ടി വിയെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞ ഒപിഎസ് കുറുക്കുവഴിയിലൂടെ തനിക്ക് മുഖ്യമന്ത്രിയാകേണ്ടെന്നും വ്യക്തമാക്കി. എ ഐ ഡി എം കെയിലെ ആഭ്യന്തരകലഹങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam