സെന്‍റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍ന്നു; വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാം

By Web DeskFirst Published Dec 29, 2017, 6:56 PM IST
Highlights

തിരുവനന്തപുരം:  തിരുവനന്തപുരം മുക്കോല സെന്‍റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക് . ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പരീക്ഷ എഴുതിക്കാമെന്ന് മാനേജ്മെന്‍റ് സമ്മതിച്ചു . ശശി തരൂര്‍ എം പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം . 

സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി അഭിനന്ദിച്ച് ആലിംഗനം ചെയ്തതതിന്‍റെ പേരിലായിരുന്നു അച്ചടക്ക നടപടി . വിദ്യാർഥികളുടെ സസ്പെന്‍ഷന്‍ വന്‍ വിവാദമായിരുന്നു. തര്‍ക്കം മുറുകുന്നതിനിടെയാണ് ശശി തരൂർ എംപിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിലെത്തിയത്. കുട്ടികളെ പരീക്ഷ എഴുതിക്കാമെന്ന് മാനേജ്മെന്‍റ് സമ്മതിച്ചു. ഇവരുടെ തുടര്‍ പഠനവും മുടങ്ങില്ല . 

സസ്പെന്‍ഷനിലായരുന്ന ദിവസങ്ങളിലെ ഹാജര്‍ സംബന്ധിച്ച് സിബിഎസ്ഇ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട് . ഇതിന് സ്കൂള്‍ അധികൃതര്‍ തന്നെ മുൻകൈ എടുക്കാമെന്നും ധാരണയായി. സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധികളും രക്ഷിതാക്കള്‍ക്കുമൊപ്പം മാര്‍ത്തോമ സഭ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. അച്ചടക്ക നടപടി ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയും സ്കൂളിനെതിരായ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മനേജ്മെന്‍റ് വിട്ടുവീഴ്ചയ്ക്ക് തയാറായത്.

click me!