ഹനീഫ് മൗലവിയുടെ അറസ്റ്റ്: പൊലീസിന് എതിരെ  നിര്‍ണായക വെളിപ്പെടുത്തലുമായി പരാതിക്കാരന്‍

By Web DeskFirst Published Dec 22, 2016, 5:11 AM IST
Highlights

ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാസര്‍കോട് പടന്ന സ്വദേശി അശ്ഫാഖിന്റെ പിതാവ് അബ്ദള്‍ മജീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നുമാസം മുന്‍പ് മുംബൈ പൊലീസ് കണ്ണൂരിലെത്തി ഹനീഫ് മൗലവിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാല്‍, ഹനീഫ് മൗലവിക്കെതിരെ മുംബൈ പൊലീസ് നിര്‍ബന്ധിച്ച് പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ അബ്ദുള്‍ മജീദ് വെളിപ്പെടുത്തിയത്. 

മകന്‍ അഷ്ഫാഖിന് മൗലവി മതവിദ്യാഭ്യാസം നല്‍കിയെന്നുമാത്രമാണ് മൊഴി നല്‍കിയിരുന്നത് എന്നും പൊലീസ് തയ്യാറാക്കിയ പരാതി വായിച്ചുനോക്കുകപോലും ചെയ്യാതെ ഒപ്പിട്ടുനല്‍കുകയായിരുന്നെന്നും മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.  ഹനീഫ് മൗലവി തെറ്റ് ചെയ്‌തെന്ന് മൊഴി നല്‍കിയിട്ടില്ല.  ഹനീഫ് മൗലവി മകനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചു എന്ന് പരാതി നല്‍കിയിട്ടില്ല. മുംബൈയില്‍ ബിസിനസ് ചെയ്തുവരുന്ന താന്‍ സമ്മര്‍ദം കൊണ്ടാണ് പരാതിയില്‍ ഒപ്പിട്ടതെന്നും മജീദ് പറഞ്ഞു. 

മലയാളികള്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്ന കേസില്‍ നാലുമാസം മുന്‍പാണ് കണ്ണൂരിലെ പെരിങ്ങത്തൂരില്‍നിന്നും ഹനീഫ് മൗലവിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് പടന്നയില്‍വെച്ച് ഹനീഫ് മൗലവി നടത്തിയ ക്ലാസുകളിലൂടെയാണ് യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകൃഷ്ടരായത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. നാടുവിട്ടുപോയവരില്‍പെട്ട അഷ്ഫാക്ക് എന്നയാളുടെ പിതാവ് അബ്ദുള്‍ മജീദ് നല്‍കിയ പരാതിയുടെ ചുവടുപിടിച്ചാണ് മുംബൈ പൊലീസ് കേരളത്തിലെത്തി ഹനീഫ് മൗലവിയെ അറസ്റ്റ് ചെയ്തത്. തന്റെ മകനെ തീവ്രവാദത്തിലേക്ക് ആകൃഷ്ടനാക്കിയത് ഹനീഫ് മൗലവിയാണെന്നാണ് മജീദ് പൊലീസിന് നല്‍കിയ പരാതിയിലുള്ളത്. എന്നാല്‍ ഈ പരാതി പൊലീസ് എഴുതിയുണ്ടാക്കി തന്റെ ഒപ്പ് വാങ്ങിക്കുകയായിരുന്നു എന്നാണ് മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്

മുംബൈയില്‍ ലോഡ്ജ് നടത്തി ജീവിക്കുന്ന താന്‍ പൊലീസിന്റെ സമ്മര്‍ദം താങ്ങാനാകാതെ പരാതിയില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നുവെന്ന് മജീദ് പറയുന്നു. കോടതിയില്‍ സത്യം തുറന്നുപറയാന്‍ തയ്യാറാണെന്നും മജീദ് പറഞ്ഞു. കുറ്റകരമായ ഗൂഢാലോചനയ്ക്ക് ചുമത്തുന്ന ഐപിസി 120ബി, യുഎപിഎ  സെക്ഷന്‍ 10,13,38 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹനീഫ് മൗലവിക്കെതിരെ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസില്‍ നിന്നും കേസന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണവുമായ ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മുംബൈയില്‍ ഹനീഫ് മൗലവിയുടെ ജാമ്യത്തിനായി മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ ശ്രമം നടത്തി വരികയാണ്.


 

click me!