ബാഴ്‍സിലോണ ഭീകരാക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

By Web DeskFirst Published Aug 18, 2017, 7:40 AM IST
Highlights

സ്പെയിനിലെ ബാഴ്സലോണയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

ബാഴ്സലോണയിലെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രമായ റാസ് ലംബ്‍ലാസിൽ കാൽനാടയാത്രക്കാർക്കിടയിലേക്ക് വാൻ ഓടിച്ചുകയറ്റിയായിരുന്നു ഭീകരരുടെ ആക്രമണം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.50ന് നടന്ന ആക്രമണത്തിൽ പതിമൂന്ന് പേ‍ർ കൊല്ലപ്പെട്ടതായി കാറ്റലൻ സർക്കാർ സ്ഥിരീകരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.

സ്പെയിനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യക്കാർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന റിപ്പോ‍ർട്ടുകളെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അതേ സമയം ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊറോക്കോ, മെല്ലില്ല സ്വദേശികളാണ് അറസ്റ്റിലായവരെന്നാണ് വിവരം. ആക്രമണവുമായി ബന്ധമുള്ള ഒരാൾ വെടിവെപ്പിൽ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദ്രിസ് ഔബകിർ എന്ന മൊറോകോ സ്വദേശിയുടെ രേഖകളുപയോഗിച്ചാണ് ആക്രമണത്തിനുപയോഗിച്ച വാഹനം വാടകയ്ക്കെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. ദ്രിസിന്റെ രേഖകൾ മോഷ്ടിച്ചാണ് വാഹനം വാടകയ്ക്കെടുത്തതെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റിലായവരിൽ വാനിന്‍റെ ഡ്രൈവർ ഇല്ലെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐഎസ് അമാഖ് എന്ന വാർത്ത ഏജൻസിയിലൂടെ അറിയിച്ചു.

click me!