കഞ്ചാവും ലഹരി വസ്തുക്കളുമായി രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ അറസ്റ്റില്‍

By web deskFirst Published Mar 20, 2018, 7:45 PM IST
Highlights
  • ജാര്‍ഖണ്ഡ് ബൊക്കാറൊ സ്വദേശികളായ ലാല്‍ചന്ദ് ഹന്‍സാദ (19), കൃഷ്ണകുമാര്‍ മറാണ്ടി (23) എന്നിവരാണ് എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ: ആലപ്പുഴ റയില്‍വേ സ്റ്റേഷന് സമീപം നിന്ന് കഞ്ചാവും ലഹരി വസ്തുക്കളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ബൊക്കാറൊ സ്വദേശികളായ ലാല്‍ചന്ദ് ഹന്‍സാദ (19), കൃഷ്ണകുമാര്‍ മറാണ്ടി (23) എന്നിവരാണ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 60 ഗ്രാം കഞ്ചാവും 179 ഗ്രാം കഞ്ചാവിന്റെ ലഹരി ഉല്പന്നമായ ഭാംഗും പിടികൂടി. 

ജാര്‍ഖണ്ടില്‍ നിന്നും ധന്‍ബാദ് എക്‌സ്പ്രസില്‍ ആലപ്പുഴയിലെത്തിയ ഇവര്‍ ജോലിയ്ക്കായി നാഗര്‍കോവിലിലേയ്ക്ക് പോകുന്നതിനായാണ് ആലപ്പുഴയില്‍ തങ്ങിയത്. സംശയാസ്പദമായി റെയില്‍വേ സ്റ്റേഷന് സമീപം കണ്ട ഇവരെ ചോദ്യം ചെയ്തതിലാണ് ഇവരുടെ പക്കലുള്ള ലഹരി വസ്തുക്കളെ കുറിച്ച് വിവരം ലഭിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുലഭമായ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ കേരളത്തിലെത്തിയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തിയത്. 

കഴിഞ്ഞ മാസങ്ങളില്‍ ആലപ്പുഴ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആളില്ലാത്ത നിലയില്‍ വന്‍തോതില്‍ കഞ്ചാവ് കണ്ടെത്തിയിരുന്നു. ആലപ്പുഴ എക്‌സൈസ് ആദ്യമായാണ് ഭാംഗ് ഇനത്തിലുള്ള ലഹരി വസ്തുക്കള്‍ പിടികൂടുന്നത്, വായിലിട്ട് നുണയുന്ന ഇത് ജോലി സമയത്ത് ഉപയോഗിച്ചാല്‍ പോലും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പ്രതികളെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. 

click me!