പറ്റ്ന: ബിഹാറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. വടക്കന്‍ ബിഹാറിലെ ഗണ്ണിപുര്‍ മേഖലയിലുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ സഹപാഠിയെ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോ പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഉപേന്ദ്ര കുശ്വ കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മിഷണറോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ സംഭവം നടന്ന സ്‌കൂള്‍ കണ്ടെത്തുകയും പിന്നീട് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഖാസി മുഹമ്മദ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സെപ്തംബര്‍ 25നാണ് ദാരുണമായ ഈ സംഭവം നടന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് പാട്‌ന എസ്‌പി ആശിഷ് ആനന്ദ് അറിയിച്ചു.
ഉറവിടം വ്യക്തമല്ലാതിരുന്ന വീഡിയോയില്‍ കേന്ദ്രീയ വിദ്യാലയത്തിന് സമാനമായ യൂണിഫോമാണ് വിദ്യാര്‍ത്ഥികള്‍ ധരിച്ചിരിക്കുന്നത്. ബെഞ്ചില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയെ കൂട്ടംകൂടി നില്‍ക്കുന്ന സഹപാഠികള്‍ തല്ലിച്ചതയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ഇവരുടെ മര്‍ദ്ദനം. ബെഞ്ചില്‍ നിന്ന് എഴുന്നേല്‍പ്പിച്ച ശേഷവും മര്‍ദ്ദനം തുടരുന്നു. കാലുകൊണ്ടും പിന്നീട് ചെരുപ്പുകൊണ്ടും വിദ്യാര്‍ത്ഥിയെ മാറിമാറി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം വീഡിയോയുടെ സത്യാവസ്ഥ തങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇതിനായി വീഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും എസ്‌പി അറിയിച്ചു. ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam