കാണാതായ വ്യോമസേനയുടെ വിമാനത്തില്‍ രണ്ട് മലയാളികളും

By Web DeskFirst Published Jul 23, 2016, 12:58 AM IST
Highlights

ചെന്നൈ: ചെന്നൈയില്‍ നിന്നും പോര്‍ട്ട്ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ വിമാനത്തില്‍  രണ്ട് മലയാളികളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പോര്‍ട്ട്ബ്ലെയറില്‍ നേവി ഉദ്യോഗസ്ഥരായ കോഴിക്കോട് കക്കോടി കോട്ടൂപ്പാടം സ്വദേശി വിമല്‍, കാക്കൂര്‍ സ്വദേശി സജീവ്കുമാര്‍ എന്നിവരെയാണ് കാണാതായത്. രക്ഷ‌ാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്‌ക്കാന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാവിലെ ചെന്നൈയിലെത്തും.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായ വ്യോമസേനയുടെ എഎന്‍ 32  വിമാനത്തിലെ യാത്രക്കാരിലാണ് രണ്ട് മലയാളികളുള്ളതായി സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്. ഇവരുള്‍പ്പെടെ മറ്റ് യാത്രക്കാര്‍ക്കായും കാണാതായ വിമാനത്തിനായും ഉള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വിവിധ സേനാ, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ വന്‍ സന്നാഹമാണ് കാണാതായ വിമാനത്തിനു വേണ്ടി ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുന്നത്.

നാവികസേനയുടെ പന്ത്രണ്ട് കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും തെരച്ചില്‍ തുടരുകയാണ്. ഇതിനൊപ്പം വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും രണ്ട് വീതവും നാവികസേനയുടെ നാലും വിമാനങ്ങള്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഇവയില്‍ രണ്ടെണ്ണം ഡ്രോണിയര്‍ വിമാനങ്ങളാണ്. ചെന്നൈയില്‍ നിന്നുള്ള പ്രാദേശികമത്സ്യത്തൊഴിലാളികളുടെ 12 ഹൈസ്‌പീഡ് ബോട്ടുകളും തെരച്ചിലിന് സഹായം നല്‍കുന്നുണ്ട്.

രാജ്യത്തെ ആദ്യ ബോയിംഗ് വിഭാഗത്തില്‍ പെടുന്ന പി 81 വിമാനം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 29 യാത്രക്കാരുമായി ചെന്നൈയില്‍ നിന്ന് പോര്‍ട് ബ്ലെയറിലേയ്‌ക്ക് പോയ വിമാനം പിന്നീട് കാണാതാവുകയായിരുന്നു. യാത്രക്കാരില്‍ ഒമ്പത് പേര്‍ വിശാഖപട്ടണത്തു നിന്നുള്ളവരാണ്.

click me!