ഇസ്രയേൽ ജൂണിൽ ആക്രമണം ആരംഭിച്ച സമയത്ത് ഇറാന് 440.9 കിലോ സംപുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് ആണവ നിരീക്ഷണ ഏജൻസി വിശദമാക്കുന്നത്
ടെഹ്റാൻ: ഇറാനിലെ ഇസ്ഫാനിൽ ആണവ കേന്ദ്രമെന്ന പേരിൽ കഴിഞ്ഞ ജൂണിൽ ഇസ്രയേൽ തകർത്ത കെട്ടിടത്തേക്കുറിച്ച് ധാരണയില്ലെന്ന് യുഎൻ ഏജൻസി. ഇസ്ഫഹാനിൽ ആണവ എൻറിച്ച്‌മെന്റ് സൗകര്യം പ്രവർത്തിക്കുന്നതായി അറിവില്ലെന്നാണ് യുഎൻ ആണവ നിരീക്ഷണ ഏജൻസി വിശദമാക്കുന്നത്. ഇസ്ഫഹാനിലെ ഒരു ഭൂഗർഭ സമുച്ചയത്തിൽ ഇറാൻ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം വികസിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഈ കേന്ദ്രത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം അവകാശ വാദങ്ങൾക്ക് നേരെ ചോദ്യമുയർത്തുന്നതാണ് യുഎൻ ആണവ നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട്.
ഇസ്ഫഹാനിൽ ആണവ എൻറിച്ച്‌മെന്റ് സൗകര്യത്തേക്കുറിച്ച് നിരവധി സംശയങ്ങളുള്ളതായാണ് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വിശദമാക്കുന്നത്. ആണവ നിരീക്ഷണ ഏജൻസിക്ക് ഈ കേന്ദ്രത്തിലേക്ക് എത്താനാവാതെ ഈ പദ്ധതിയേക്കുറിച്ച് ധാരണയില്ലെന്നാണ് റാഫേൽ ഗ്രോസി വിശദമാക്കുന്നത്. ഭൂമിക്ക് അടിയിലാണ് അതെന്നും തങ്ങൾ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നുമാണ് റാഫേൽ ഗ്രോസി വാഷിംഗ്ടണിൽ വിശദമാക്കിയത്. ആ സമുച്ചയത്തിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് ഉണ്ടായിരുന്നതെന്ന കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി ഇരുട്ടിൽ തന്നെയെന്ന് വ്യക്തമാക്കുന്നതാണ് റാഫേൽ ഗ്രോസിയുടെ പ്രതികരണം. ഈ കേന്ദ്രത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിന് ആവശ്യമായ അത്യാധുനിക സെൻട്രിഫ്യൂജുകൾ സ്ഥാപിച്ചിരുന്നോ അതോ അത് വെറുമൊരു ശൂന്യമായ കെട്ടിടമായിരുന്നോ എന്ന കാര്യത്തിൽ ഏജൻസിക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇസ്ഫഹാനിലെ ഈ പ്രത്യേക കേന്ദ്രത്തിലേക്ക് അന്താരാഷ്ട്ര പരിശോധകർക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ആക്രമണം നടക്കുമ്പോൾ അവിടെ ആണവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. ഇത്തരമൊരു ആണവ കേന്ദ്രത്തേക്കുറിച്ച് 2025 ജൂണിലാണ് ഇറാൻ യുഎൻ നിരീക്ഷണ ഏജൻസിയെ അറിയിക്കുന്നത്. എന്നാൽ ഏജൻസിയിൽ നിന്നുള്ള പരിശോധകർ എത്തും മുൻപ് ഇറാൻ ഇസ്രയേലുമായി 12 ദിവസം നീണ്ട യുദ്ധം ആരംഭിച്ചു. ഇതിനാൽ കേന്ദ്ര പരിശോധന റദ്ദാക്കേണ്ടി വന്നിരുന്നു. ആണവ ആയുധ നിർമ്മാണത്തിനോട് അടുത്ത് നിൽക്കുന്ന തരത്തിലുള്ള 60 ശതമാനം ശുദ്ധീകരണം സംപുഷ്ടീകരണം പൂർത്തിയായതാണ് ഇറാന്റെ യുറേനിയത്തിന്റെ പകുതിയുമെന്ന് റാഫേൽ ഗ്രോസി നേരത്തെ പ്രതികരിച്ചിരുന്നു.
ഇസ്രയേൽ ജൂണിൽ ആക്രമണം ആരംഭിച്ച സമയത്ത് ഇറാന് 440.9 കിലോ സംപുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് ആണവ നിരീക്ഷണ ഏജൻസി വിശദമാക്കുന്നത്. ഇത് 60ശതമാനം സംപുഷ്ടീകരിച്ച യുറേനിയം ആണെന്നും ഏജൻസ് വിശദമാക്കുന്നു. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും, ഇത്തരം രഹസ്യ കേന്ദ്രങ്ങളുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മേഖലയിൽ കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ.


