
കണ്ണൂർ: കൂത്തുപറമ്പ് കൈതേരിയിൽ തിറ ആഘോഷത്തിനിടെ ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ കോമരം കെട്ടിയയാളടക്കം 2 പേർക്ക് കുത്തേറ്റു. സംഘർഷം തടയാൻ ശ്രമിച്ചവരടക്കം മൊത്തം 6 പേർക്ക് പരിക്കുണ്ട്. കൈതേരി മാവുള്ളച്ചാലിൽ ഭഗവതി ക്ഷേത്രത്തിൽ വൈകുന്നേരം 5 മണിയോടെ ആണ് ആക്രമണം ഉണ്ടായത്. തിറ ആഘോഷം നടന്നുകൊണ്ടിരിക്കെ ഒരു സംഘം ക്ഷേത്ര മുറ്റത്ത് കയറി ആക്രമിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ കോമരം മുര്യാട് സ്വദേശി ദാസൻ, മകൻ മുല്ലോളി ദിപിൻ, ഭാര്യ രതി, ദിപിന്റെ ഭാര്യ ഹരിത, ആയിത്തറയിലെ രോഹിണി, ആയിത്തറ സ്വദേശി പി പ്രദീപൻ എന്നിവർക്കാണ് പരുക്കേറ്റത്. കത്തികൊണ്ടുള്ള കുത്തേറ്റ് സാരമായി പരിക്കേറ്റ ദാസൻ, ദിപിൻ എന്നിവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. രതിയും, ഹരിതയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ദാസനെയും ദിപിനെയും മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സ്ത്രീകൾക്ക് പരുക്കേറ്റത്. അക്രമത്തെ തുടർന്ന് ക്ഷേത്ര ചടങ്ങുകൾ പാതിവഴിയിൽ നിർത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൂത്തുപറമ്പ് പോലീസ് സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പലക്കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിറകിലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam