
തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. ശിക്ഷാ വിധിക്കായുളള വാദത്തിനായി കേസ് മാറ്റി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എതിരെ കൊലക്കുറ്റം ചുമത്തി. മറ്റുള്ളവര്‍ക്ക് നേരെ വ്യാജരേഖ ചമച്ച കുറ്റമാണ് ഉള്ളത്.13 വർഷം മുന്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് വിധി.
മോഷണ കുറ്റം ആരോപിച്ച് ശ്രീ കണ്ഠേശ്വരം പാർക്കിൽ നിന്നും ഫോർട്ട് സിഐയുടെ സ്ക്വാഡിലുള്ള പൊലീസുകാർ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനിൽ വച്ച് ഉരുട്ടികൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപ്പെടുത്തിയ പൊലീസുകാരെ രക്ഷിക്കാൻ വ്യാജ രേഖകള്‍ ചമച്ച് ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി. കൊലപാതകം. വ്യാജ രേഖ ചമക്കൽ എന്നിവയ്ക്ക് നൽകിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ.
രണ്ടു കേസുകളിലായി ആറു പൊലീസുകാരാണ് വിചാരണ നേരിട്ടത്. പൊലീസുകാരായ കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ, എഎസ്ഐ കെ.വി.സോമൻ, ഫോർട്ട് എസ്ഐയായിരുന്ന ടി.അജിത് കുമാർ, ഫോർട്ട് സിഐയായിരുന്ന ടി.കെ.സാബു, ഫോർട്ട് അസി.കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ സോമൻ മരിച്ചു. കൊലപാതക കേസിൽ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി.
സിബിഐ പ്രതിയാക്കിയിരുന്ന ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടർന്ന് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയിൽ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. 2005 സെപ്തംബർ 27ന് രാത്രിയിലാണ് ഉദയകുമാർ കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam