ശബരിമല: വിധി നടപ്പാക്കിയേ തീരൂ, വേണമെങ്കിൽ യുവതീ പ്രവേശം ചില ദിവസങ്ങളിൽ ക്രമീകരിക്കാം: മുഖ്യമന്ത്രി

By Web TeamFirst Published Nov 15, 2018, 2:19 PM IST
Highlights

ശബരിമലയിൽ യുവതീപ്രവേശനത്തിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താനാകുമോ എന്ന് ആരാഞ്ഞു. പ്രതിപക്ഷവും ബിജെപിയും വഴങ്ങിയില്ല: മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി അനുസരിക്കാതെ സർക്കാരിന് വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളിയതിന് പിന്നാലെ, വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നപരിഹാരത്തിന് വഴികൾ തേടാനാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതിൽ സമവായം തേടാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷവും ബിജെപിയും ഒരേ നിലപാടാണെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സർക്കാരിന് ദുർവാശിയില്ല. എന്നാൽ വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. മുൻവിധിയോടെയാണ് സർക്കാർ വന്നതെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചു. എന്നാൽ സർക്കാരിന് അത്തരം മുൻവിധികളില്ല. കോടതി എന്തു പറഞ്ഞോ അത് നടപ്പിലാക്കുക എന്ന ബാധ്യത സർക്കാരിനുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പാർട്ടിയ്ക്ക് വേറെ നിലപാടുകളുണ്ടാകാം. എന്നാൽ അതൊന്നും സർക്കാരിന് കണക്കിലെടുക്കാനാകില്ല. വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്നതിൽ സംശയമില്ല. വിശ്വാസികൾക്ക് എല്ലാ സംരക്ഷണവും നൽകും.'' മുഖ്യമന്ത്രി വ്യക്തമാക്കി.

Read More: ശബരിമല: സർവകക്ഷിയോഗം പാളി; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

''യുവതികളുടെ പ്രവേശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കാനാകുമോ എന്നാണ് സർക്കാർ ആരാഞ്ഞത്. ചില പ്രത്യേക ദിവസങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമോ എന്ന് സർക്കാർ ആരാഞ്ഞു. എന്നാൽ അത്തരം ഒരു ക്രമീകരണങ്ങൾക്കും പ്രതിപക്ഷവും ബിജെപിയും വഴങ്ങിയില്ല.'' മുഖ്യമന്ത്രി പറഞ്ഞു.

നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കും എന്നല്ലാതെ സർക്കാരിന് എന്ത് പറയാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ''ഭരണഘടനയിലെ മൗലികാവകാശം നടപ്പാക്കാനാകില്ല എന്ന് സർക്കാരിന് പറയാനാകില്ല. വിശ്വാസമാണ് എല്ലാറ്റിനും മേലെ. മൗലികാവകാശമൊന്നും പറ്റില്ലെന്ന് പറയാനാകില്ല.'' പിണറായി വ്യക്തമാക്കി.

സർവകക്ഷിയോഗത്തിൽ നിന്ന് പ്രതിപക്ഷനേതാവ് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞത് യോഗം കഴിഞ്ഞ ശേഷമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്‍റെ സമാപനപ്രസംഗം കഴിഞ്ഞയുടനെ ഇറങ്ങിപ്പോവുകയാണെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ''യോഗം കഴിഞ്ഞ ശേഷം ഇറങ്ങിപ്പോവുന്നതെന്തിനാണ്?'' മുഖ്യമന്ത്രി ചോദിച്ചു. 

Read More: സർവകക്ഷിയോഗം പ്രഹസനം; സർക്കാരിന് പിടിവാശിയെന്ന് ചെന്നിത്തല

click me!