കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും ചായക്കടികള്‍ നിര്‍മ്മിച്ചു നല്‍കുന്ന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ കണ്ടെത്തി.
കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും ചായക്കടികള്‍ നിര്‍മ്മിച്ചു നല്‍കുന്ന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പുലര്‍ച്ചെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപ്രതീക്ഷിത പരിശോധന നടന്നത്. ഏഴ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴിടത്തും ചട്ടലംഘനങ്ങള്‍ കണ്ടെത്തി. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ചായക്കടികള്‍ നിര്‍മ്മിച്ചു നല്‍കിയ നാല് നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.
പാളയത്തെ അഖില്‍ ട്രേഡേഴ്‌സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്‌സ്, യു.കെ.എസ് റോഡിലെ ജെ.കെ ഫുഡ്‌സ്, കറുത്ത പാണ്ടിസ് ഫുഡ്‌സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യം, മലിനമായ വെള്ളം, പഴകിയ എണ്ണയുടെ ഉപയോഗം, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അഥിതി തൊഴിലാളികളെ പാചകത്തിന് ഉപയോഗിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്.
ഇതില്‍ ഒരു സ്ഥാപനത്തില്‍ ചെളിനിറത്തിലുള്ള വെള്ളമാണ് അടുക്കളയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. അര്‍ദ്ധരാത്രി പ്രവര്‍ത്തനമാരംഭിച്ച് പുലര്‍ച്ചയോടെ ഭക്ഷ്യവസ്തുക്കളെല്ലാം തയ്യാറാക്കുന്ന സ്ഥാപനങ്ങളാണിവ. ഇവിടെ ഉണ്ടാക്കുന്ന എണ്ണക്കടികള്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കിയാണ് ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും നല്‍കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എസ് വിനോദ് കുമാര്‍, അസി. കമ്മിഷണര്‍ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


