മൂന്നാം സീറ്റിനായി ലീഗ്, സീറ്റ് വച്ചു മാറാന്‍ കേരള കോണ്‍ഗ്രസ്: യുഡിഎഫ് യോഗം ഇന്ന്

By Web TeamFirst Published Jan 17, 2019, 10:37 AM IST
Highlights

 കോട്ടയം സീറ്റിന് പകരം ഇടുക്കി തരണമെന്ന് കേരള കോണ്‍ഗ്രസും, കാസര്‍ഗോഡ്,കണ്ണൂര്‍, വയനാട് സീറ്റുകളിലൊന്ന് കൂടി അനുവദിക്കണമെന്ന് മുസ്ലീംലീഗും യോഗത്തില്‍ ആവശ്യപ്പെട്ടേക്കും

തിരുവനന്തപുരം: ലോക്സഭാ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനചര്‍ച്ചകള്‍ക്കായി യുഡിഎഫ് ഇന്ന് യോഗം ചേരും. നിലവില്‍ ആകെയുള്ള 20 സീറ്റില്‍  16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം), ഒരു സീറ്റിൽ ആർ.എസ്.പിയുമാണ് മത്സരിക്കുന്നത്. ഈ അനുപാതത്തില്‍ മാറ്റം വരുമോ എന്നുള്ളതാണ് ഇന്നത്തെ യോഗത്തെ സംബന്ധിച്ച പ്രസക്തമായ ചോദ്യം. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിക്ക് ചേരാന്‍ നിശ്ചയിച്ച യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഹാജി മരണപ്പെട്ടത്തിനെ  തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയിലേക്ക് മാറ്റി വച്ചിരിക്കുകയാണ്. 

തങ്ങള്‍ക്ക് മൂന്നാമത്തൊരു സീറ്റ് കൂടി അനുവദിച്ച് തരണം എന്ന് ഇന്നത്തെ യോഗത്തില്‍ ലീഗ് ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ലോക്സഭാ സീറ്റുകളിലൊന്ന് തരണം എന്നാണ് ലീഗിന്‍റെ ആവശ്യം.  എന്നാല്‍ അധിക സീറ്റ്  തരാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തേക്കും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒരു പോലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് വരുന്നതെന്നും അതിനാല്‍ പരമാവധി സീറ്റുകള്‍ നിലനിര്‍ത്തേണ്ടി വരുമെന്നും  കോണ്‍ഗ്രസ് സഖ്യകക്ഷികളെ അറിയിക്കും.

നിലവില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റ് വച്ചുമാറണം എന്ന ആവശ്യം കെഎം മാണി ഇന്നത്തെ യോഗത്തില്‍ ഉന്നയിച്ചേക്കും. കോട്ടയത്തിന് പകരം ഇടുക്കി സീറ്റായിരിക്കും കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുക ഈ ആവശ്യത്തോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കും എന്നതാണ് ഇന്നത്തെ യോഗത്തിലെ ഏറ്റവും നിര്‍ണായക വിഷയം. 

ഇതോടൊപ്പം യുഡിഎഫ് വിപുലീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇന്ന് നടന്നേക്കും എല്‍ഡിഎഫ് അടുത്തിടെ വികസിപ്പിച്ചത് കണക്കിലെടുത്ത് സമാനമായ രീതിയില്‍ കൂടുതല്‍ കക്ഷികളെ ഒപ്പം ചേര്‍ക്കുന്ന കാര്യം കോണ്‍ഗ്രസ് യോഗത്തില്‍ ഉന്നയിച്ചേക്കും. എന്‍ഡിഎ വിട്ടു പുറത്തേക്ക് വന്ന ജെഎസ്എസ് രാജന്‍ ബാബു വിഭാഗം, കാമരാജ് കോണ്‍ഗ്രസ്, വിരേന്ദ്രകുമാര്‍ എല്‍ഡിഎഫിനൊപ്പം പോയപ്പോള്‍ അവര്‍ക്കൊപ്പം പോകാതെ നിന്ന ലോക്താന്ത്രിക് ജനതാദളിലെ ഒരുവിഭാഗം എന്നിവര്‍ യുഡിഎഫിലേക്ക് വരാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. 

ഇവരെ എങ്ങനെ മുന്നണിയുമായി സഹകരിപ്പിക്കണം എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യും. പിസി ജോര്‍ജിന്‍റെ ജനപക്ഷവും യുഡിഎഫിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കേരള കോണ്‍ഗ്രസും മുസ്ലീലീഗും ഇതിനായി ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇതിന് വിരുദ്ധമായൊരു നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ സാധ്യതയില്ല. 

click me!