
തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാൻ യു ഡി എഫ് യോഗം ഇന്ന്. ഉഭയകക്ഷി ചർച്ചകള്‍ക്ക് നേതാക്കളെ യോഗം ചുമതലപ്പെടുത്തും. അതേസമയം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതൽ സീറ്റുകൾ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് യു ഡി എഫ് യോഗം ചേരുന്നത്. ലീഗിന് നിലവിലുള്ള പൊന്നാനി , മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് എമ്മും അധികമൊരു സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി വേണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം. ഈ സാഹചര്യത്തിലാണ് സീറ്റ് വിഭജന ചര്‍ച്ചകൾക്ക് തുടക്കമിടാൻ യുഡിഎഫ് യോഗം ചേരുന്നത്. ഘടക കക്ഷികളുമായി ചര്‍ച്ച വരും ദിവസങ്ങളില്‍ തുടങ്ങാനുള്ള തീരുമാനം യോഗത്തിലുണ്ടാകും.
അതേസമയം ജെ ഡി യു പോയ സാഹചര്യത്തില്‍ അവര്‍ക്കു നല്‍കിയിരുന്ന പാലക്കാട് സീറ്റുകൂടി എടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് ഒരു തരത്തിലും വഴങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ അത്യാർത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമായ ആവശ്യങ്ങള്‍ ഘടക കക്ഷികള്‍ ഉന്നയിക്കരുതെന്ന ആവശ്യവുമായി വി എം സുധീരൻ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമനുസരിച്ച് 15 സീറ്റുകളിൽ കോണ്‍ഗ്രസും രണ്ടിടത്ത് ലീഗും ഓരോ സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം , ജെ ഡി യു , ആര്‍ എസ് പി എന്നിവരാണ് മല്‍സരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam