മാണിയെ ഇനി അടുപ്പിക്കില്ലെന്ന് തീരുമാനിക്കാന്‍ ഇന്ന് യു.ഡി.എഫ് യോഗം

By Web DeskFirst Published May 9, 2017, 3:54 AM IST
Highlights

കെ.എം മാണിയെ മുന്നണിയിലെടുക്കില്ലെന്ന് തീരുമാനിക്കാന്‍ യു.ഡി.എഫ് യോഗം ഇന്ന് ചേരും. മാണിയുമായി ഇനി ഒരു കൂട്ടുകെട്ടും വേണ്ടെന്ന് നിലപാട് എടുക്കുന്ന കോണ്‍ഗ്രസിന്‍റെ രാഷ്‌ട്രീയകാര്യ സമിതിയും മുന്നണി യോഗത്തിന് തൊട്ടു മുമ്പ് ഇന്ന് ചേരും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ വിജയിച്ച സംഭവത്തോടെ ഇനി മാണിയുമായും മകനുമായും ഒരു കൂട്ടു കെട്ടും വേണ്ടെന്ന ഉറച്ച നിലപാടിലേയ്‌ക്ക്  കോണ്‍ഗ്രസ് മാറി. മുന്നണി വിട്ടെങ്കിലും മാണിയോട് മൃദുസമീപനം കാട്ടിയിരുന്ന ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പുമാണ് ഇപ്പോള്‍ മാണിയോട് കടുത്ത രോഷത്തിലുള്ളത്. മാണിയ്‌ക്കായി ശുപാര്‍ശയുമായി മുസ്ലീംലീഗ് എത്തിയാലും വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ ധാരണ. മാണിയോട് മൃദുസ്വരത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതിലെ അതൃപ്തിയും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചെന്നാണ് വിവരം.

കോണ്‍ഗ്രസ് കടുത്ത നിലപാട് എടുക്കുന്ന പശ്ചാത്തലത്തില്‍ ഘടകകക്ഷികള്‍ ആരും മാണിക്കായി വാദിക്കാന്‍ തീരെ സാധ്യതയില്ല. മാണിയ്‌ക്കായി തുറന്ന  വാതില്‍ അടക്കുന്ന ചര്‍ച്ചകളാകും മുന്നണി യോഗത്തിലുണ്ടാവുക. മാണിയെയും മകനെയും വിട്ട് കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പി.ജെ ജോസഫിനെയും മാണിവിരുദ്ധരെയും പരമാവധി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. പിളര്‍പ്പ് എത്രയും പെട്ടെന്നുണ്ടാകട്ടെ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആശിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്‌ട്രീയകാര്യ സമിതി ചേരുന്നത്.  കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പും സമിതി ചര്‍ച്ചചെയും.

click me!