
പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ ഉള്ള യുഡിഎഫ് അവിശ്വാസം ഇന്ന് പരിഗണിക്കും. അധ്യക്ഷക്കെതിരെയുള്ള അവിശ്വാസം പ്രമേയം രാവിലെ ഒമ്പതിനും ഉപാധ്യക്ഷനെതിരെയുള്ളത് വൈകുന്നേരം മൂന്നിനുമാണ് ചര്‍ച്ചക്കെടുക്കുക.
52 അംഗങ്ങളുള്ള നഗരസഭയില്‍ അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചാല്‍ മാത്രമേ അവിശ്വാസം പാസാകൂ. ആരുടെയെങ്കിലും വോട്ട് അസാധുവായാല്‍ അവിശ്വാസം പരാജയപ്പെടും. പ്രമേയത്തെ അനുകൂലിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് വിപ്പ് നല്‍കിയിട്ടുണ്ട്.
നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷൻമാരെ ഇടത് പിന്തുണയോടെ പുറത്താക്കിയിരുന്നു. ഈ നിലപാട് സിപിഎം തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇപ്പോൾ നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.
52അംഗ കൗൺസിലിൽ ബിജെപി ക്ക് 24ഉം യുഡിഎഫിന് 18ഉം ഇടതുമുന്നണിക്ക് ഒമ്പത് അംഗങ്ങളാണുളളത്. ഒരു വെൽഫെയർ പാർടി അംഗവും കൗൺസിലിലുണ്ട്. പ്രതിപക്ഷത്തുളളവർ കൈകോർത്താൽ മാത്രമേ ബിജെപി ഭരണം വീഴൂ.
പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി കൈകോർക്കുന്നതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനോട് അയിത്തമില്ലെന്നും കോൺഗ്രസിനോടുളള അവരുടെ മനോഭാവമാണ് മാറേണ്ടതെന്നും അദ്ദേഹം ഇക്കാര്യത്തില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam