ഉദയനിധി സ്റ്റാലിൻ തമിഴ്‌രാഷ്ട്രീയത്തിലേക്ക്

By Web DeskFirst Published Jul 16, 2018, 2:53 PM IST
Highlights
  • തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന സൂചന നല്‍കി ഉദയനിധി സ്റ്റാലിൻ. 

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന സൂചന നല്‍കി എം. കെ സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ. എം കെ കരുണാനിധിയുടെ 95-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനത്തില്‍ പാർട്ടി പതാക ഉയർത്തിയത് ഉദയനിധി സ്റ്റാലിനാണ്.

ഡിഎംകെയുടെ മുഖ പത്രമായ മുരശൊലിയുടെ മാനേജിംഗ് ഡയറക്ടറായ ഉദയനിധി സ്റ്റാലിൻ കാഞ്ചീപുരം ജില്ലയില്‍ 7 സമ്മേളനങ്ങളിലാണ് പാർട്ടി പതാക ഉയർത്തിയത്. ഡിഎംകെയില്‍ ഇത് ആദ്യമായാണ് ഔദ്യോഗികപദവികളൊന്നും വഹിക്കാത്ത ഒരാള്‍ പതാക ഉയർത്തുന്നത്.

ആരോഗ്യപ്രശ്നങ്ങളാല്‍ കരുണാനിധി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നതോടെ വർക്കിംഗ് പ്രസി‍ഡന്‍റായ എം കെ സ്റ്റാലിന് ഡിഎംകെയില്‍ സമ്പൂർണാധിപത്യമാണ്. അഴഗിരിയെ പുറത്താക്കുകയും കനിമൊഴിയെ എംപിയാക്കി ദില്ലിയിലേക്ക് അയക്കുകയും ചെയ്തതോടെ പാർട്ടിക്കുള്ളില്‍ സ്റ്റാലിനെതിരെ ശബ്ദമുയരാതെയായി. ഈ സാഹചര്യത്തിലാണ് മകനെകൂടി നേതൃപദവിയിലേക്ക് കൊണ്ടുവരാനുള്ള സ്റ്റാലിന്‍റെ നീക്കം.

നേരത്തെ കാവേരി പ്രശ്നത്തില്‍ പാർട്ടി നടത്തിയ സമരങ്ങളിലും ഉദയനിധി പങ്കെടുത്തിരുന്നു. ഉദയനിധി പതാക ഉയർത്തിയതിനെതിരെ പാർട്ടിക്കുള്ളില്‍ തന്നെ എതിർപ്പുയരുന്നുണ്ടെങ്കിലും ആരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

click me!