
ദില്ലി: 500 രൂപയ്‌ക്ക് ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കപ്പെടുന്നുവെന്ന വിവരം കണ്ടെത്തി വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയുമായി യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയ 'ദ ട്രിബ്യൂണ്‍' റിപ്പോര്‍ട്ടര്‍ രചന ഖൈറയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമ പ്രവര്‍ത്തകയ്‌ക്ക് പുറമെ, ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുടെ ഫോണ്‍ നമ്പറുകളും പേരുകളും സഹിതമാണ് രചന ഖൈറ വാര്‍ത്ത നല്‍കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ജോയിന്‍ കമ്മീഷണര്‍ അലോക് കുമാറും സ്ഥിരീകരിച്ചു. വെറും അര മണിക്കൂര്‍ സമയം കൊണ്ട് 500 രൂപാ മുടക്കി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നായിരുന്നു ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട്. വാട്സ്ആപ് വഴിയാണ് ഏജന്റിനോട് സംസാരിച്ചു. തുടര്‍ന്ന് പേടിഎം വഴി പണം നല്‍കി ലോഗിന്‍ ഐഡിയും പാസ്‍വേഡും നല്‍കുകയായിരുന്നു. 300 രൂപ കൂടി നല്‍കിയപ്പോള്‍ ആധാര്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ്‍വെയറും സംഘം ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആധാര്‍ ഡേറ്റാ ബേസില്‍ നിന്ന് ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയുടെ വാദം. എത്ര പേരുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും അതില്‍ വിരലടയാളമോ കണ്ണുകളുടെ ചിത്രമോ ഉല്‍പ്പെട്ടിട്ടുണ്ടോ എന്നും അറിയിക്കണമെന്ന് കാണിച്ച് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ട്രിബ്യൂണിന് നോട്ടീസും അയച്ചിരുന്നു. എട്ടാം തീയ്യതിക്ക് മുന്‍പ് മറുപടി അറിയിക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് എഡ്വേഡ് സ്നോഡനും അഭിപ്രായപ്പെട്ടിരുന്നു.
Read Also:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam