പത്താംക്ലാസ് പരീക്ഷയെഴുതാന്‍ ഉജയ്‌യും; പഠിപ്പിക്കാന്‍ കായക്കൊടി ഹൈസ്‌കൂളും

By web deskFirst Published Dec 3, 2017, 5:38 PM IST
Highlights

കോഴിക്കോട്: ഉജയ് കൃഷ്ണയ്ക്ക് പഠിക്കണം. പഠിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതണം. പക്ഷേ ശാരീരിക മാനസിക പരിമിതികള്‍ കാരണം ഉജയ് കൃഷ്ണയ്ക്ക് സ്‌കൂളില്‍ പോയി പഠിക്കാന്‍ പറ്റില്ല. പഠിക്കാനുള്ള മനസ് പക്ഷേ ഉജയ്ക്കുണ്ട്. പഠിക്കണം പഠിച്ച് വലിയ ആളാകണം. ഉജയ്‌യുടെ ആഗ്രഹമാണ്. 

ഒടുവില്‍ ഉജയ്‌യുടെ ആഗ്രഹം സഫലമാകുകയാണ്. കുന്നുമ്മല്‍ ബിആര്‍സിയുടെ ആശാദീപം പദ്ധതിയിലൂടെ ഉജയ് എസ്എസ്എല്‍സി പരീക്ഷ എഴുതും. കായക്കൊടി പഞ്ചായത്തിലെ ജലജ, ഉദയന്‍ ദമ്പതികളുടെ മകനായ ഉജയ് കൃഷ്ണയ്ക്ക് ശാരീരിക മാനസിക പരിമിതികളാല്‍ വിദ്യാലയ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. സര്‍വ ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഭാഗമായ ഗൃഹാധിഷ്ടിത പഠന പദ്ധതിയാണ് ഉജയ്കൃഷ്ണയുടെ ആഗ്രഹപൂര്‍ത്തികരണം സാധ്യമാക്കുന്നത്.  

നിലവിലുള്ള പദ്ധതി ഉജയ് കൃഷ്ണയുടെ ആഗ്രഹം സഫലികരിക്കാന്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് കുന്നുമ്മല്‍ ബിആര്‍സി അധികൃതര്‍ വെര്‍ച്ച്വല്‍ ക്ലാസ്‌റും ഫോര്‍ എന്‍വിറോന്‍മെന്റ് എന്ന പുതിയ പ്രോജക്ട് തയ്യാറാക്കിയത്. വീട്ടില്‍ ഇരുന്ന് തന്നെ സ്‌കൂള്‍ ക്ലാസ് മുറിയില്‍ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ കുട്ടിക്ക് അനുഭവഭേദ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീട്ടിനുള്ളില്‍ ഒരു ക്ലാസ് റും പുനരാവിഷ്‌കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ക്ലാസില്‍ ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ക്രമീകരിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ തത്സമയം കുട്ടിക്ക് വീട്ടിലിരുന്ന് കാണാന്‍ സൗകര്യം ഒരുക്കുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ക്ലാസ് റെക്കോഡ് ചെയ്ത് എത്തിച്ച് കൊടുക്കാനും സൗകര്യം ഏര്‍പ്പെടുത്തും. കുട്ടിക്ക് തന്റെ സംശയങ്ങള്‍ വീട്ടിലിരുന്ന് തന്നെ അധ്യാപകരോട് ചോദിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ മാസത്തില്‍ ഒരുദിവസം എല്ലാ മുന്നൊരുക്കങ്ങളോടെയും കുട്ടിയെ സ്‌കൂളില്‍ എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 

ഉജയ് കൃഷ്ണയ്ക്ക് വേണ്ടി വെര്‍ച്ച്വല്‍ ക്ലാസ് റും ഒരുക്കാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് കായക്കൊടി ഹൈസ്‌കൂള്‍ അധികൃതര്‍. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ ഇന്ത്യയിലെ ശാരിരിക പരിമിതികളാല്‍ സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ട ആയിരങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. രണ്ടാഴ്ചക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. പരിമിതികളാല്‍ തങ്ങളിലേക്ക് തന്നെ ഒതുങ്ങി കൂടേണ്ടിവരില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍. 

click me!