ഒഴിവുകാലം ആഘോഷിക്കാന്‍ പോയി; എത്തിയത് അവയവങ്ങള്‍ ഇല്ലാതെ മൃതദേഹമായി

By Web TeamFirst Published Oct 22, 2018, 4:18 PM IST
Highlights

അവധികാലം ആഘോഷിക്കാൻ ഈജിപ്തിൽ എത്തിയ ഡേവിഡ് ഹംഫ്രിസ് (62) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 18 ന് ചെങ്കടൽ തീരത്തെ ഹുർഘഡ റിസോർട്ടിലാണ് സംഭവം.       

കാരിയോ:  ഈജിപ്തിൽ ഹൃദയമടക്കമുള്ള അവയവങ്ങൾ നീക്കം ചെയ്ത നിലയിൽ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മ‍ൃതദേഹം കണ്ടെത്തി. അവധികാലം ആഘോഷിക്കാൻ ഈജിപ്തിൽ എത്തിയ ഡേവിഡ് ഹംഫ്രിസ് (62) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 18 ന് ചെങ്കടൽ തീരത്തെ ഹുർഘഡ റിസോർട്ടിലാണ് സംഭവം.       

സംഭവത്തിൽ സംശയം പ്രകടിപ്പിച്ച ബ്രിട്ടീഷ് അധികൃതര്‍ പോസ്റ്റമോർട്ടത്തിന് ഉത്തരവിടുകയായിരുന്നു. ബ്രിട്ടനിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് ഹൃദയവും മറ്റു ചില അവയവങ്ങളും നീക്കം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് ഈജിപ്തിൽ വച്ച് അവയവം മോഷണം പോയതായി ബ്രിട്ടൻ ആരോപിച്ചു. 

ഇത് നിഷേധിച്ച് ഈജിപ്ത് അധികാരികൾ രംഗത്തെത്തി. ഈജിപ്തിൽ വച്ച് മോഷണം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നും ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അധികൃതർ വ്യക്തമാക്കി. അതേസമയം മരണ കാരണം കണ്ടെത്തുന്നതിനായി ഈജിപ്തിൽ വച്ച് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ഡേവിഡിന്റെ ഹൃദയം, കരൾ, വൃക്ക, മറ്റ് ആന്തരീകാവയവങ്ങൾ എന്നിവ നീക്കം ചെയ്തതായി അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അവയവങ്ങൾ തിരിച്ച് ശരീരത്തിലേക്ക് വയ്ക്കാതിരുന്നത് എന്നതിന്റെ വിശദീകരണം നല്‍കാന്‍ ഈജിപ്ഷ്യന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.  

ഹൃദയാഘാതം മൂലമാണ് ഡേവിഡ് മരണമടഞ്ഞതെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ "തന്റെ പിതാവിന്റെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ച് ആരേയും ശിക്ഷിക്കരുതെന്ന്" ഡേവിഡിന്റെ മകൾ അനീത ഗുഡാൽ പറഞ്ഞിരുന്നെന്നും സർവീസ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഹുർഘഡ റിസോർട്ടുകളിൽ മുമ്പും നടന്നിട്ടുണ്ട്. ഓഗസ്റ്റ് 21 ന് റിസോട്ടിൽ വച്ച് ദുരൂഹസാഹചര്യത്തിൽ ബ്രിട്ടീഷ് ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു.  
  

click me!