കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് രാഹുൽ ഈശ്വർ

By Web TeamFirst Published Oct 28, 2018, 4:04 PM IST
Highlights

എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വിവാദ പരാമ‍ർശത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പരാമർശം

കൊച്ചി: കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് അറസ്റ്റിലായ രാഹുൽ ഈശ്വർ.  ഇത് നവംബർ 5 വരെ തുടരുമെന്നും കൊച്ചി സെൻട്രൽ സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നതിനിടെ രാഹുല്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വിവാദ പരാമ‍ർശത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പരാമർശം. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ലാറ്റിലെത്തി രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമർശമാണ് രാഹുൽ ഈശ്വർ നടത്തിയത് എന്നായിരുന്നു രാഹുലിന്‍റെ വിവാദ പ്രസ്താവന പുറത്തുവന്ന ഉടൻ തന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. എന്നാൽ പിന്നീട് രക്തം ചിന്താനുള്ള പദ്ധതി മറ്റ് ചിലർക്കായിരുന്നു എന്നും താൻ ഇടപെട്ട് അതുതടയുകയായിരുന്നുവെന്നും രാഹുൽ ഈശ്വർ വിശദീകരിച്ചിരുന്നു. 

പമ്പയിലും സന്നിധാനത്തും വിശ്വാസികളെ തടഞ്ഞതിന് അറസ്റ്റിലായ രാഹുൽ ഈശ്വർ ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കലാപത്തിന് ആഹ്വാനം നൽകി എന്നതുൾപ്പെടെ കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾ ചുമത്തിയാണ് രാഹുൽ പുതിയൊരു കേസിൽ വീണ്ടും അറസ്റ്റിലാകുന്നത്. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

click me!