Latest Videos

പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്‍നാഥ് സിംഗ്

By Web TeamFirst Published Feb 15, 2019, 4:00 PM IST
Highlights

പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിന് ശേഷം പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ശവമഞ്ചം ചുമക്കാൻ സൈനികർക്കൊപ്പം കൂടിയത്

ശ്രീനഗർ: പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് കേന്ദ്രസർക്കാരിനുവേണ്ടി  ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അന്ത്യോപചാരം അർപ്പിച്ചു. രാജ്‍നാഥ് സിംഗും  ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗും സിആർപിഎഫ് ക്യാമ്പിലെ മറ്റ് സൈനികർക്കൊപ്പം ആക്രമണത്തിൽ മരിച്ച സൈനികരുടെ ശവമഞ്ചം ചുമക്കാൻ ഒപ്പം ചേർന്നു.

നേരത്തേ ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗും ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കും കരസേനയുടെ വടക്കൻ കമാൻഡ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിംഗും ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതശരീരങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചപ്പോൾ 'വീർ ജവാൻ അമർ രഹേ' മുദ്രാവാക്യങ്ങൾ മുഴങ്ങി. പുൽവാമയിൽ നിന്നും ബദ്‍ഗാമിലെ സിആർപിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങൾ ആദ്യം എത്തിച്ചത്.

സഹപ്രവർത്തകർക്ക് സൈനികർ അന്ത്യാഭിവാദ്യം അർപ്പിച്ചപ്പോൾ വൈകാരിക നിമിഷങ്ങൾക്ക് സൈനിക ക്യാമ്പ് സാക്ഷിയായി. പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങൾ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീർ പൊലീസ് മേധാവിയും  ശവമഞ്ചം ചുമക്കാൻ കൂടിയത്.

click me!