ഇങ്ങനെയൊക്കെയാണ് പിണറായി

Anuraj G R |  
Published : May 20, 2016, 08:17 PM ISTUpdated : Oct 05, 2018, 01:06 AM IST
ഇങ്ങനെയൊക്കെയാണ് പിണറായി

Synopsis

ഒരുപക്ഷെ മാധ്യമങ്ങള്‍ അവതരിപ്പിച്ച പരിവേഷമാണ് പിണറായിക്ക് ഇപ്പോഴും പൊതുസമൂഹത്തിനുമുന്നിലുള്ളത്. അത് കര്‍ക്കശക്കാരനും ധാര്‍ഷ്‌ട്യക്കാരനും അഹങ്കാരിയുമായ രാഷ്‌ട്രീയനേതാവിന്റേതായാരിക്കും. എന്നാല്‍ ശിരസ് കുനിയ്‌ക്കാത്ത, നട്ടെല്ല് വളയ്‌ക്കാത്ത പുഞ്ചിരിയില്‍ പൊതിഞ്ഞ കാപട്യമില്ലാത്ത നേതാവാണ് പിണറായിയെന്ന് അദ്ദേഹത്തെ അടുത്ത് അറിയുന്നവര്‍ക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്- പറയുന്നത് ചെയ്യുകയും, ചെയ്യാനാകുന്നത് മാത്രം പറയുകയും ചെയ്യുന്ന രാഷ്‌ട്രീയനേതാവ്. എന്നാല്‍ നമ്മളൊക്കെ പിണറായിയെക്കുറിച്ച് അറിഞ്ഞതിനുമപ്പുറം ചില കാര്യങ്ങളുണ്ട്...

1996ല്‍ നായനാര്‍ മന്ത്രിസഭ നാടു ഭരിക്കുന്ന കാലം. അന്ന് വൈദ്യുതി-സഹകരണവകുപ്പ് മന്ത്രിയാണ് പിണറായി വിജയന്‍. മലബാറില്‍ കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന കാലഘട്ടം കൂടിയാണത്. രാത്രിയായാല്‍ മിന്നാമിനുങ്ങ് പോലെ ബള്‍ബ് മിന്നുന്ന അവസ്ഥ. കറണ്ട് ഉണ്ടോയെന്ന് അറിയാന്‍ ബള്‍ബിലേക്ക് ടോര്‍ച്ച് അടിച്ചു നോക്കണമായിരുന്നു. എന്നാല്‍ പിണറായി വൈദ്യുതി മന്ത്രിയായതോടെയാണ് അതിന് മാറ്റമുണ്ടാകുന്നത്. പിണറായി മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങിയപ്പോള്‍, ഇന്നത്തെ വിമര്‍ശകരായ പത്രങ്ങള്‍ എഴുതിയത് നോക്കുക, ഏറ്റവും മികച്ച മന്ത്രിയെയാണ് കേരളത്തിന് നഷ്‌ടമാകുന്നത്. അന്നത്തെ ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്‌ഠാപുരത്ത് സബ് സ്റ്റേഷന്‍ വന്ന കഥയാണ് വിപിന്‍ മാത്യൂ എന്ന നാട്ടുകാരന്‍ ഓര്‍ത്തെടുക്കുന്നത്. 'മന്ത്രിയായ പിണറായി വിജയന്‍, ശ്രീകണ്‌ഠാപുരം സബ് സ്റ്റേഷന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ പിണറായി, ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഒരു സബ് സ്റ്റേഷന്‍ പണി തീര്‍ത്തു പ്രവര്‍ത്തനം തുടങ്ങണമെങ്കില്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും വേണം. എന്നാല്‍ തറക്കല്ലിട്ട്, പതിനൊന്നാം മാസം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. സബ് സ്റ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയത് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളായിരുന്നു'. മേല്‍പ്പറഞ്ഞത്, വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയുടെ കാര്യക്ഷമതയുടെ ഒരു ഉദാഹരണം മാത്രമല്ല. രണ്ടു വര്‍ഷത്തിനിപ്പുറം പിണറായി പടിയിറങ്ങുമ്പോള്‍, കേരളം വൈദ്യുതി മിച്ച സംസ്ഥാനമായി മാറിയിരുന്നു.

ഇനി 1971ല്‍ തലശേരി കലാപം അരങ്ങുതകര്‍ക്കുകയാണ്. ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തില്‍ എതിര്‍ സമുദായാംഗങ്ങളുടെ വീടുകള്‍ വ്യാപകമായി അക്രമിക്കപ്പെടുന്നു. തെറ്റായ പ്രചരണമാണ് തലശേരി കലാപത്തിന് വഴിവെച്ചത്. അന്ന് പിണറായി വിജയന്‍ എന്ന ഇരുപത്തിയേഴുകാരന്‍ തന്റെ സഹപ്രവര്‍ത്തകരെയും കൂട്ടി കലാപബാധിതപ്രദേശങ്ങളില്‍ നടത്തിയ പ്രവര്‍ത്തനം സ്‌തുത്യര്‍ഹമായിരുന്നു. സംഘര്‍ഷം തടുക്കുന്നതിന് ജീവന്‍ പോലും പണയംവെച്ച് പിണറായി നടത്തിയ ഇടപെടലുകളെക്കുറിച്ച്, പിന്നീട് തലശേരി കലാപം അന്വേഷണ കമ്മീഷനായ ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

സമയം കിട്ടിയാല്‍ രജനികാന്തിന്റെയും കമലഹാസന്റെയും സിനിമകള്‍ കാണുന്ന പിണറായിയെ ചാനലുകളും ഇന്നു പുറത്തിങ്ങിയ പത്രങ്ങളുമൊക്കെ അവതരിപ്പിക്കുന്നുണ്ട്. സിനിമകള്‍ ഒത്തിരി ഇഷ്‌ടപ്പെടുന്ന പിണറായി കായികപ്രേമി കൂടിയാണ്. പ്രത്യേകിച്ചും ബാഡ്‌മിന്റണ്‍. ഇതേക്കുറിച്ച് പിണറായി സ്വദേശിയായ വിജി പറയുന്നതു കേള്‍ക്കൂ, '1970കളില്‍ പിണറായിയില്‍ ബാഡ്‌മിന്റണ് നല്ല പ്രചാരമുണ്ടായിരുന്നു. അന്നു ആര്‍ സി അമല സ്‌കൂള്‍ മൈതാനത്ത് വര്‍ഷങ്ങളോളം തുടര്‍ച്ചയായി നടത്തിവന്ന ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ചില പ്രതിസന്ധികള്‍ കാരണം മുടങ്ങി. ഈ അവസരത്തില്‍ പിണറായി സ്‌പോര്‍ട്സ് ക്ലബിലെ പ്രവര്‍ത്തകരെയും പഴയകാല കളിക്കാരെയുമൊക്കെ വിളിച്ചുകൂട്ടി, ടൂര്‍ണമെന്റ് പുനഃരാരംഭിക്കുന്നതിന് പിണറായി തന്നെ മുന്‍കൈയെടുത്ത കാര്യം ബാഡ്‌മിന്റണ്‍ സംസ്ഥാനതല താരം കൂടിയായ അച്‌ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പിണറായി വിജയന്റെ സഹപാഠി കൂടിയായ അച്‌ഛന്റെ പേരും വിജയനെന്നാണ്'.

ഇന്ന് ഏറെ ജനകീയനാണ് വി എസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ്. മാധ്യമപരിലാളനകള്‍ ഏറെ ഏറ്റുവാങ്ങിയ നേതാവ്. എന്നാല്‍ വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലം എത്ര പേര്‍ക്ക് ഓര്‍മ്മയുണ്ട്? ശരിക്കും ഇരുമ്പുമറയ്‌ക്കുള്ളില്‍ ആയിരുന്നു പാര്‍ട്ടി. അന്ന് ഇന്നത്തെ പോലെ സംസ്ഥാന നേതൃയോഗങ്ങള്‍ കഴിഞ്ഞുള്ള പത്രസമ്മേളനങ്ങളില്ല. പകരം ഒരു പത്രക്കുറിപ്പ് നല്‍കും. സെക്രട്ടറിയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വളരെ നേര്‍ത്തതായിരിക്കും. എന്നാല്‍ സെക്രട്ടറിയായിരുന്ന കാലത്ത് മാധ്യമങ്ങള്‍ ഏറെ അകലമിട്ടിരുന്ന, പിണറായി വിജയനാണ്, ആദ്യമായി പത്രസമ്മേളനത്തിന് തുടക്കമിട്ടത്. അങ്ങനെയാണ് എ കെ ജി സെന്ററില്‍ സെക്രട്ടറിയുടെ ബ്രീഫിങ് സ്ഥിരമാകുന്നത്..



സിനിമാപ്രേമിയായ പിണറായിയെക്കുറിച്ച് നമ്മള്‍ അറിഞ്ഞു. രജനികാന്തിന്റെയും കമലഹാസന്റെയും സിനിമകള്‍ സമയം കിട്ടുമ്പോഴൊക്കെ കാണുന്ന, ഭര്‍ത്താവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ കമല ടീച്ചര്‍ തന്നെ പറയുന്നുണ്ട്. സമയം കിട്ടുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം തിയറ്ററില്‍ പോയി സിനിമ കാണാറുമുണ്ട് അദ്ദേഹം. ഇനി സിനിമാമേഖലയുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചാണ്. കൈരളി ചാനല്‍ തുടങ്ങിയതോടെയാണ് സിനിമാ മേഖലയുമായി പിണറായിക്കുള്ള ബന്ധം ദൃഢമാകുന്നത്. മമ്മൂട്ടിയെ ചാനലിന്റെ ചെയര്‍മാനാക്കുന്നതും ഇന്നസെന്റിനെയും മുകേഷിനെയുമൊക്കെ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുതുമൊക്കെ ഈ ബന്ധത്തിന്റെ തുടര്‍ച്ചയായാണ്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളൊക്കെ പിണറായി മനസിലാക്കുകയും, വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കാറുമുണ്ട്.

ഇനിയുമേറെയുണ്ട് പിണറായിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത വിവരങ്ങള്‍. ഇത്രയുംനാള്‍ നാം അറിഞ്ഞ പിണറായി കര്‍ക്കശക്കാരനായ രാഷ്‌ട്രീയനേതാവായിരുന്നു. എന്നാല്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഒരു വിട്ടുവീഴ്‌ചയുമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന ഇച്ഛാശക്തിയുള്ള ഭരണാധികാരിയെയാണ് പിണറായിയിലൂടെ കേരളം പ്രതീക്ഷിക്കുന്നത്. എല്ലാം ശരിയാകുമെന്ന പരസ്യവാചകം യാഥാര്‍ത്ഥ്യമാക്കാന്‍ പിണറായി മന്ത്രിസഭയ്‌ക്ക് സാധിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. അതിന് നേതൃത്വം നല്‍കാന്‍ നമ്മള്‍ അറിഞ്ഞതിലുമേറെ അറിയാനുള്ള പിണറായി ഉണ്ടാകും, കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ
ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല, ശ്രീനിയേട്ടൻ ദീര്‍ഘായുസോടെ ഉണ്ടാകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്; അനുസ്മരിച്ച് ഉര്‍വശി