മായാവതിയെ വേശ്യയോടുപമിച്ച് ബിജെപി നേതാവ്

By Web DeskFirst Published Jul 20, 2016, 11:34 AM IST
Highlights

ലഖ്‍നൗ: ബിഎസ്‍പി നേതാവും മുൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയെ വേശ്യയോടുപമിച്ച് ബിജെപി നേതാവ്. ഉത്തർപ്രദേശ് ബി ജെ പിയുടെ പുതിയ വൈസ് പ്രസിഡന്‍റ്  ശങ്കർ സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്.

'മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവർ വലിയ നേതാവാണ്. എന്നാല്‍ കിട്ടുന്ന പണത്തിന് ജോലി ചെയ്യുന്ന സ്ത്രീകളെപ്പോലെയാണ് മായാവതിയുടെ  പ്രവര്‍ത്തികള്‍. കിട്ടുന്ന പണത്തിന്റെ മൂല്യം നോക്കി മായാവതി ടിക്കറ്റുകള്‍ വിൽക്കുകയാണ്.  ഒരു കോടി തരാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കും. ഇതേ സമയം രണ്ട് കോടി വാഗ്ദാനം ചെയ്ത് മറ്റാരെങ്കിലും വരികയാണെങ്കില്‍ സീറ്റ് അവര്‍ക്ക് മറിച്ച് നല്‍കും. ഇപ്പോള്‍ മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാൾ അധ:പതിച്ചിരിക്കുന്നു'- ഇതായിരുന്നു  ശങ്കർ സിങ്ങിന്‍റെ പ്രസംഗം.

സംസ്ഥാനത്ത് ബിഎസ്‍പിയുടെ വളർച്ച മൂലമുള്ള ഭീതിയാണ് ബി ജെ പി നേതാവിനെ ഇത്തരത്തിൽ പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു. ശങ്കർ സിങിനെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ജനം തെരുവിലിറങ്ങുമെന്നും മായാവതി പിന്നീട് രാജ്യസഭയിൽ പറഞ്ഞു.

വിവാദ പരാമര്‍ശത്തിനെതിരെ ഇതുവരെ ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദയ ശങ്കറിന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും ആക്ഷേപകരമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

അവഹേളന പ്രസ്താവന വ്യക്തിപരമായി വേദനിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുൺജെയ്റ്റ്ലി രാജ്യസഭയിൽ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും ഇത്തരം  പ്രസ്താവനകൾ പാർട്ടിക്ക് നല്ലതല്ലെന്നും യു പി ബി.ജെ.പി വക്താവ്  ഐ പി സിങ് പറഞ്ഞു. ശങ്കർ സിങ്  പിന്നീട് ഖേദം പ്രകടിപ്പിച്ചു.

 

click me!