യോഗിയ്ക്ക് കന്നി പരീക്ഷ; യുപി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

By Web DeskFirst Published Dec 1, 2017, 8:06 AM IST
Highlights

ലക്‌നൗ: ഗുജറാത്ത്-ഹിമാചല്‍ തിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കവേ ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇന്ന് നിര്‍ണായക വിധി ദിനം. 

ഉത്തര്‍പ്രദേശിലെ വിവിധ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരും. പത്ത് ദിവസങ്ങള്‍ക്കിടെ മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെയായിരുന്നു. 

ഈ വര്‍ഷം മാര്‍ച്ചില്‍ അധികാരമേറ്റെടുത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ എട്ട് മാസത്തെ ഭരണത്തിനുള്ള വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ബിജെപിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ യുപിയിലെ ഫലം ഗുജറാത്ത് തിരഞ്ഞെടുപ്പിനേയും സ്വാധീനിക്കും എന്നാണ് കരുതുന്നത്. 

ഉത്തര്‍പ്രദേശിലെ 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, 198 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, 438 നഗര്‍ പഞ്ചായത്തുകള്‍ എന്നീ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 3.32 കോടി ജനങ്ങളാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 2012-ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അന്നുണ്ടായിരുന്ന 12 കോര്‍പ്പറേഷനുകളില്‍ 10 എണ്ണത്തിലും ബിജെപി അധികാരം പിടിച്ചിരുന്നു. 

മികച്ച വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കുറിയും കളത്തിലിറങ്ങിയ ബിജെപിക്ക വേണ്ടി പ്രചരണം നയിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ചെയ്തത് പോലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് യോഗി പ്രചരണത്തിനിടെ ജനങ്ങളോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് നടക്കുന്ന 16 ജില്ലകളിലും നേരിട്ട് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി 26 റാലികളിലും പങ്കെടുത്തിരുന്നു.
 

click me!