Latest Videos

മുൻഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കിൽ 'ജീവൻ' നൽകി; പൊലീസിനെ ഡോക്ടർ വട്ടം കറക്കിയത് ഏഴ് മാസം

By Web TeamFirst Published Dec 24, 2018, 2:19 PM IST
Highlights

ജൂണ്‍ 24 മുതല്‍ രാജേശ്വരിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ലഖ്നൗ: മുൻ ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടർ ഏഴ് മാസങ്ങൾക്ക് ശേഷം പിടിയിലായി. ഡോക്ടർ ധര്‍മേന്ദ്ര പ്രതാപ് സിങിനെയും കൂട്ടാളികളായ രണ്ട് പേരെയുമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.  ധര്‍മേന്ദ്ര പ്രതാപ് സിങിന്‍റെ മുൻ ഭാര്യ രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയാണ്  കൊല്ലപ്പെട്ടത്. നേപ്പാളിലെ പൊഖ്റയിൽ‍ വച്ച് രാജേശ്വരിയെ ഇയാള്‍ പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട്  ഉപയോഗിച്ച് രാജേശ്വരി ജീവനോടെ ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നുവെന്ന് പൊലീസ്  പറഞ്ഞു. 

ജൂണ്‍ 24 മുതല്‍ രാജേശ്വരിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാജേശ്വരിയുടെ നിലവിലത്തെ ഭര്‍ത്താവായ മനീഷ് സിന്‍ഹക്കെതിരെയാണ് പരാതി നൽകിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനീഷിനൊപ്പം രാജേശ്വരി ജൂണ്‍ ഒന്നിന് നേപ്പാളിലേക്ക് പോയതായി കണ്ടെത്തി. എന്നാൽ തിരികെ നാട്ടിലെത്തിയ മനീഷിനൊപ്പം രാജേശ്വരി വരാതെ നേപ്പാളില്‍ തങ്ങി. അതേ കാലയളവിൽ ധര്‍മേന്ദ്രയും അവിടെ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തിൽ ഒരു യുവതിയുടെ മൃതദേഹം പ്രദേശത്ത് നിന്നും നേപ്പാള്‍ പൊലീസ്  കണ്ടെത്തുകയും പരിശോധനയിൽ രാജേശ്വരിയാണെന്ന് തെളിയുകയുമായിരുന്നു.

തുടര്‍ന്ന് ധര്‍മേന്ദ്രയെ പൊലീസ് ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും  ചെയ്തു. പണവും വീടും നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജേശ്വരി തന്നെ ബ്ലാക്ക്മെയില്‍ ചെയ്തതായും ഇതിൽ രോഷം പൂണ്ടാണ് കൊലപ്പെടുത്തിയതെന്നും ഡോക്ടർ പൊലീസിനോട് പറഞ്ഞു. കൂട്ടാളികളായ രണ്ട് പേരാണ് രാജേശ്വരിയെ വിളിച്ചുവരുത്തി പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ ധര്‍മേന്ദ്ര ഫേസ്ബുക്കിൽ പോസ്റ്റുകള്‍ ഇടുകയായിരുന്നു.

click me!